യുറോപ്യൻ ഫുട്ബോളിലെ കിരീടാവകാശി ആര്? വമ്പൻ പോരിനൊരുങ്ങി ഇംഗ്ലണ്ടും സ്പെയിനും, ബെർലിനിൽ രാത്രി തീപാറും

ബെർലിൻ: യൂറോപ്പിലെ പുതിയ ഫുട്ബോൾ രാജാക്കന്മാർ ആരാകും. കാൽപ്പന്ത് ലോകത്തെ ഈ മണിക്കൂറുകളിലെ പ്രധാന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കിരീടം തേടി സ്പാനിഷ് പടയും ഇംഗ്ലിഷ് പോരാളികളും നേർക്ക് നേർ എത്തുമ്പോൾ ഇന്ന് രാത്രി ബെർലിനിൽ പന്ത്രണ്ടരക്ക് നടക്കുന്ന കലാശപ്പോരാട്ടം അക്ഷരാർത്ഥത്തിൽ തീപാറുമെന്ന് ഉറപ്പാണ്.

യുവതാരങ്ങളുടെ കരുത്തിൽ സ്‌പെയിനും ഹാരി കെയ്ൻ അടക്കമുള്ളവരുടെ താരമൂല്യത്തിന്‍റെ ആവേശത്തിൽ ഇംഗ്ലണ്ടും കളത്തിലെത്തുമ്പോൾ പോരാട്ടം പൊടിപാറും. ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് കിക്കോഫ്. കളിച്ച ആറ് മത്സരങ്ങളിലും ജയിച്ചാണ് സ്‌പെയിൻ ഫൈനലിലെത്തിയത്. ലൂയീസ് ലാ ഫ്യൂന്റെയുടെ ശിഷ്യന്മാരുടെ തേരോട്ടത്തിന് മുന്നിൽ പല വമ്പന്മാർക്കും അടിതെറ്റി. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയും നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും കാണക്കൂറ്റൻമാരുടെ കരുത്തറിഞ്ഞു. സ്വന്തം കാണികൾക്കു മുന്നിൽ പന്തുതട്ടിയ ജർമനിയെ ക്വാർട്ടറിൽ കരയിച്ച് മുന്നേറിയ സ്പാനിഷ് യുവനിര, ഫ്രാൻസിനാണ് സെമിയിൽ മടക്ക ടിക്കറ്റ് നൽകിയത്.

മറുവശത്ത് പ്രതിഭകളേറെയുണ്ടായിട്ടും കാലങ്ങളായി ഒരു കിരീടവും നേടാത്തവർ എന്ന ആക്ഷേപത്തിന് മറുപടി നൽകാനാണ് ഹാരി കെയ്നും സംഘവും ബൂട്ട് കെട്ടുന്നത്. 1966 ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇംഗ്ലിഷ് പടക്ക് പ്രധാന കിരീടങ്ങൾ എന്നും അകലെയായിരുന്നു. ഇത്തവണ ഇംഗ്ലണ്ടും തോൽവിയറിഞ്ഞിട്ടില്ലെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് സമനില വഴങ്ങിയിരുന്നു. സെർബിയക്കെതിരായ നേരിയ വിജയത്തിന് ശേഷം ഡെന്മാർക്കിനോടും സ്ലൊവേനിയയോടുമാണ് സമനില വഴങ്ങിയാണ് രണ്ടാം റൗണ്ടിലെത്തിയത്. പ്രീ ക്വാർട്ടറിൽ സ്ലൊവാക്യയെ തോൽപ്പിച്ചു. ക്വാർട്ടറിൽ സ്വിറ്റ്‌സർലാൻഡിനെ ഷൂട്ടൗട്ടിൽ മറികടന്ന ടീം നെതർലാൻഡ്‌സിനെ തോൽപ്പിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റ് സ്വന്തമാക്കിയത്. മികച്ച പ്രതിരോധ നിരയുടെ കരുത്താണ് ഇംഗ്ലണ്ടിന്‍റെ കിരീട സ്വപ്നങ്ങൾക്ക് നിറമേകുന്നത്. മധ്യനിരയിൽ കോബി മൈനൂ, ബുകായോ സാക, ഫിൽ ഫോഡൻ എന്നിവർ മികച്ചു നിൽക്കുന്നു. മുന്നേറ്റനിരയിൽ ഹാരി കെയ്‌നും ജൂഡ് ബെല്ലിംഗ്ഹാമും തിളങ്ങിയാൽ കിരീടം ഇംഗ്ലണ്ടിലെത്തും.

More Stories from this section

family-dental
witywide