യുഎസ് പൗരത്വം തെളിയിക്കാൻ തയ്യാറായിക്കൊള്ളൂ; ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പുതിയ നിയമങ്ങൾ വന്നേക്കും

വാഷിങ്ടൺ: കൃത്യമായ കുടിയേറ്റ രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കാൻ പുതിയ ബില്ലുമായി ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ. തിരഞ്ഞെടുപ്പ് സമഗ്രത ഉറപ്പാക്കുന്നതിനുള്ള ബിൽ ആണ് ഇതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ ബിൽ പ്രകാരം പൗരത്വം തെളിയിക്കാതെ ആർക്കും യുഎസിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധിക്കില്ല.

ബുധനാഴ്ച അവതരിപ്പിക്കുന്ന ബില്ലിൽ പൗരന്മാരല്ലാത്തവർ ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഹൗസ് റിപ്പബ്ലിക്കൻമാർ വ്യക്തമാക്കി. വോട്ട് രേഖപ്പെടുത്താൻ പൗരത്വത്തിന്‍റെ തെളിവ് ആവശ്യമാണ്. നിലവിലുള്ള വോട്ടർ പട്ടികയിൽ നിന്ന് പൗരന്മാരല്ലാത്തവരെ നീക്കം ചെയ്യണമെന്ന് ബിൽ ആവശ്യപ്പെടുന്നു.

“സേഫ്ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി (സേവ്) ആക്ട്” എന്നാണ് ഇതിന്റെ പേര്. ജനപ്രതിനിധി ചിപ്പ് റോയ് ആയിരിക്കും ബിൽ അവതരിപ്പിക്കുക്കു. ഇതിനായി അദ്ദേഹം പിന്തുണ തേടി.

“രാജ്യം 2024 ലെ തിരഞ്ഞെടുപ്പിനെ സമീപിക്കുമ്പോൾ, അമേരിക്കൻ ജനതയ്ക്ക് നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്‍റെ സമഗ്രതയിൽ നൂറുശതമാനം ഉറപ്പുണ്ടായിരിക്കണം. ഈ ബിൽ ഫെഡറൽ തിരഞ്ഞെടുപ്പുകളെ ശക്തിപ്പെടുത്തും. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ അമേരിക്കൻ പൗരന്മാരാണ് വോട്ട് ചെയ്യേണ്ടത്,’’ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ പറഞ്ഞു.

സംസ്ഥാന, ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ യുഎസ് പൗരന്മാരല്ലാത്തവർ വോട്ട് ചെയ്യുന്നത് ഫെഡറൽ കുറ്റകൃത്യമാണ്. കാലിഫോർണിയ, മേരിലാൻഡ്, വെർമോണ്ട് – വാഷിംഗ്ടൺ ഡിസി എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ വിരലിലെണ്ണാവുന്ന മുനിസിപ്പാലിറ്റികൾ മാത്രമാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നത്.

More Stories from this section

family-dental
witywide