വന്ദേ ഭാരതില്‍ വിളമ്പിയത് കേടായ തൈര്, ചിത്രം പങ്കുവെച്ച് യാത്രക്കാരന്‍; മാപ്പ് പറഞ്ഞ് റെയില്‍വേ

ന്യൂഡല്‍ഹി: ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാറിലേക്ക് വന്ദേഭാരതില്‍ യാത്ര ചെയ്ത യുവാവിന് ലഭിച്ചത് കേടായ തൈര്. മോശമായ ഭക്ഷണം ലഭിച്ചതോടെ ഹര്‍ഷാദ് ടോപ്കര്‍ എന്ന യുവാവ് തന്റെ എക്സിക്യൂട്ടീവ് ക്ലാസ് ഭക്ഷണത്തിന്റെ ഭാഗമായി വിളമ്പിയ കേടായ തൈരിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇതോടെ വിഷയം ചര്‍ച്ചയായി.

എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവാവ് റെയില്‍വേ മന്ത്രാലയത്തെയും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണുവിനെയും ടാഗ് ചെയ്യുകയും ഭക്ഷണത്തിന്റെ മോശം അവസ്ഥയെക്കുറിച്ച് പറയുകയും വന്ദേ ഭാരത് സേവനത്തില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കി. റെയില്‍വേ ഉപയോക്താക്കള്‍ക്കും നോര്‍ത്തേണ്‍ റെയില്‍വേയ്ക്കും പിന്തുണ നല്‍കുന്നതിനുള്ള അക്കൗണ്ടായ റെയില്‍ സേവയുടെ ശ്രദ്ധയില്‍ ഈ പോസ്റ്റ് എത്തുകയും ചെയ്തു.

യുവാവിന് ഉടന്‍തന്നെ മറുപടി നല്‍കിയ റെയില്‍ സേവ, യാത്രയുടെ വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുകയും വടക്കന്‍ റെയില്‍വേ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷനെയും ടാഗ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവാവിനോട് ക്ഷമപറഞ്ഞ് ഐആര്‍സിടിസി മറുപടി നല്‍കുകയും ചെയ്തു.

വന്ദേഭാരതില്‍ നിന്നും മോശമായ ഭക്ഷണം ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ മാസവും യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതി ഉയര്‍ന്നിരുന്നു. ഫെബ്രുവരി ഒന്നിന് ഭക്ഷണത്തില്‍ നിന്നും ചത്ത പാറ്റയെ കിട്ടിയതായി ഒരു യാത്രക്കാരനും ദുരനുഭവം ചൂണ്ടിക്കാട്ടിയിരുന്നു.

More Stories from this section

family-dental
witywide