
ബിജു കിഴക്കേക്കൂറ്റ്, മീഡിയാ കോര്‍ഡിനേറ്റര്‍, കെ.സി.സി.എന്‍.എ

കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന കായിക മത്സരങ്ങളാണ് മൂന്നാംദിവസത്തെ ആകര്‍ഷണം. ഹെന്‍ട്രി ബി ഗോണ്‍സലോസ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടീമുകള്‍ മാറ്റുരയ്ക്കുകയാണ്. വിവിധ കാറ്റഗറികളിലായി വോളിബോള്‍, ബാഡ്മിന്റണ്‍, ബാസ്ക്കറ്റ്ബോള്‍, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇനങ്ങളിലാണ് രാവിലെ മത്സരങ്ങള്‍ തുടങ്ങിയത്. കുട്ടികളുടെയും യുവതി-യുവാക്കളുടെയും മുതിര്‍ന്നവരുടെയും ടീമുകള്‍ മത്സരത്തില്‍ ആവേശത്തോടെ പങ്കെടുക്കുകയാണ്.

സാന്‍ അന്റോണിയോയിലെ വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആവേശത്തിന്റെ ആര്‍പ്പുവിളികളാണ്. കെ.സി.സി.എന്‍.എയുടെ കീഴ്ഘടകങ്ങളായ കെ.സി.എസിന്റെ ഏതാണ്ട് എല്ലാ യൂണിറ്റുകളും മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസം ഉദ്ഘാടന പരിപാടികളും സാംസ്കാരിക പരിപാടികളുമാണ് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷനിലെ ആകര്‍ഷണമെങ്കില്‍ ഇന്ന് കായിക മത്സരങ്ങളുടെ മിന്നുംപോരാട്ടത്തിന്റെ ദിനമാണ്. വൈകിട്ടോടെ എല്ലാ മത്സരങ്ങളുടെയും ഫൈനല്‍ നടക്കും. മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ കണ്‍വെന്‍ഷന്റെ സമാപന യോഗത്തില്‍ വിതരണം ചെയ്യും.
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും പല കായിക മത്സരങ്ങളിലും പ്രായ വ്യത്യാസമില്ലാതെ പങ്കെടുക്കുന്നു എന്നത് ആവേശകരമായ കാഴ്ച തന്നെയാണ്. ക്നാനായ കത്തോലിക്കാ സമുദായത്തിലെ ഏതാണ്ട് അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനാണ് സാന്‍ അന്റോണിയോയില്‍ നടക്കുന്നത്. യുവാക്കളുടെ വലിയ പ്രാതിനിധ്യം ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകതയാണെന്ന് പ്രസിഡന്റ് ഷാജി എടാട്ട് പറഞ്ഞു.
യുവനിരയുടെ താല്പര്യങ്ങള്‍ തിരിച്ചറിഞ്ഞ് പരമാവധി അവരെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടിയാണ് ചര്‍ച്ചകള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും അപ്പുറത്ത് കായിക മത്സരങ്ങള്‍ കൂടി സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നും കെ.സി.സി.എന്‍.എ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. സൗഹൃദ മത്സരങ്ങളാണ് അരങ്ങേറുന്നതെങ്കിലും വീറും വാശിയും എല്ലാ ഇനങ്ങളിലും പ്രകടമാണ്. കായിക മത്സരങ്ങള്‍ക്കായി മാസങ്ങളായി എല്ലാ യൂണിറ്റുകളിലും മാസങ്ങള്‍ നീണ്ട പരിശീലനമായിരുന്നു. ജേഴ്സിയണിഞ്ഞ യുവതി-യുവാക്കളുടെ വലിയ കൂട്ടമായി സമ്മേളന നഗരി മാറിയിരിക്കുകയാണ്.
മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളും അവരുടെ കുടുംബാംഗങ്ങളുമെല്ലാം പ്രോത്സാഹനവുമായി ഓരോ കോര്‍ട്ടിന്റെയും ചുറ്റിലുമായി ഉണ്ട്. മത്സരങ്ങള്‍ അതിന്റെ എല്ലാ നിയമങ്ങളും പാലിച്ചു തന്നെയാണ് അരങ്ങേറുന്നത്. മുന്‍ കായിക താരങ്ങള്‍ കൂടിയായ റഫറിമാരെയാണ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങളില്‍ ആരൊക്കെ കപ്പടിക്കും എന്നറിയാന്‍ വൈകുന്നേരം വരെ കാത്തിരിക്കാം.