ഇടിമിന്നൽ സെഞ്ച്വറിയുമായി ഹെഡ്, തകർത്തടിച്ച് ക്ലാസൻ, ഹൈദരാബാദിന് പടുകൂറ്റൻ സ്കോർ

ബെം​ഗളൂരു: ഐപിഎൽ മത്സരത്തിൽ ആർസിബിക്കെതിരെ റെക്കോർഡ് സ്കോറുമായി ഹൈദരാബാദ് സൺ റൈസേഴ്സ്. മൂന്ന് വിക്കറ്റിന് 287 റൺസെ‌ടുത്തു. ഐപിഎൽ ചരിത്രത്തിലെ ഒരു ടീമിന്റെ ഉയർന്ന സ്കോറാണ് നേടിയത്. ഇതേ സീസണിൽ സൺറൈസേഴ്സ് തന്നെ കുറിച്ച റെക്കോർഡാണ് മറികടന്നത്. 41 പന്തിൽ 102 റൺസെ‌ടുത്ത ട്രാവിസ് ഹെഡ് മിന്നിത്തിളങ്ങി. എട്ട് സിക്സുറുകളുടെയും 9 ഫോറിന്റെയും അകമ്പടിയോടെയായിരുന്നു താരത്തിന്റെ ശതകം. തുടക്കം മുതലേ അഭിഷേക് ശർമക്കൊപ്പം (22 പന്തിൽ 34) ആക്രമിച്ച് കളിച്ച ഹെഡ് ബെം​ഗളൂരു ബൗളർമാർക്ക് ഒരവസരവും നൽകിയില്ല.

39 പന്തിലായിരുന്നു സെഞ്ച്വറി നേട്ടം. പിന്നാലെ പുറത്തായി. എന്നാൽ ഹെഡ് നിർത്തിയിടത്തുനിന്ന് തുടങ്ങാനായിരുന്നു ഹെന്റിച്ച് ക്ലാസന്റെ തീരുമാനം. ഏഴ് പടുകൂറ്റൻ സിക്സറുകളുടെ അകമ്പടിയോടെ വെറും 31 പന്തിൽ ക്ലാസൻ 67 റൺസ് നേടി. അവസാന ഓവറുകളിൽ ആളിക്കത്തിയ അബ്​ദുൽ സമദും ക്യാപ്റ്റൻ മർക്രമുമാണ് റെക്കോർഡ് നേട്ടത്തിന് സഹായിച്ചത്. സമദ് 10 ബോളിൽ 37 റൺസെടുത്തു. മാർക്രം 17 പന്തിൽ 32 റൺസുമായി പുറത്താകാതെ നിന്നു. ബെം​ഗളൂരു ബൗളർമാരിൽ ലൂക്കി ഫെർ​ഗുസൻ രണ്ട് വിക്കറ്റ് നേടി.

SRH makes record score against RCB, head century helps