
ന്യൂയോര്‍ക്ക്: ടി 20 ലോകകപ്പില്‍ അമേരിക്കൻ മണ്ണിലെ കന്നി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഗംഭീര വിജയം. മുൻ ലോക ചാമ്പ്യൻമാരായ ശ്രീലങ്കയെ ആറ് വിക്കറ്റിനാണ് ആഫ്രിക്കൻ കരുത്തർ തകർത്തത്. ലങ്ക ഉയര്‍ത്തിയ 78 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റുകളും 3.4 ഓവറുകളും ബാക്കിനില്‍ക്കെയാണ് പ്രോട്ടീസ് മറികടന്നത്. നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആന്റിച്ച് നോര്‍ക്യയുടെ ബൗളിംഗ് മികവാണ് ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 77 റൺസിനാണ് ദക്ഷിണാഫ്രിക്ക എറിഞ്ഞുവീഴ്ത്തിയത്. മറുപടിയിൽ 16.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് മാർക്രവും സംഘവും വിജയം പിടിച്ചെടുത്തത്. സ്‌കോര്‍: ശ്രീലങ്ക 77-10 (19.1), ദക്ഷിണാഫ്രിക്ക 80-4 (16.2).
ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വളരെ ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ സാഹചര്യം മുതലെടുത്ത ശ്രീലങ്കന്‍ ബൗളര്‍മാര്‍ കൃത്യതയോടെ പന്തെറിഞ്ഞുവെങ്കിലും വിജയിക്കാന്‍ പോന്ന ഒരു സ്‌കോര്‍ പടുത്തുയര്‍ത്താന്‍ കഴിയാത്തത് വിനയായി. മുൻ നായകൻ ക്വിന്റണ്‍ ഡി കോക്ക് 20(27), റീസ ഹെന്‍ഡ്രിക്‌സ് 4(2), നായകൻ എയ്ഡന്‍ മാര്‍ക്രം 12(14), ട്രിസ്റ്റന്‍ സ്റ്റബ്‌സ് 13(28) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. വമ്പനടിക്കാരായ ഹെൻറിച്ച് ക്ലാസന്‍ 19(22), ഡേവിഡ് മില്ലര്‍ 6(6) എന്നിവര്‍ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ വിജയതീരത്തെത്തിച്ചു. ശ്രീലങ്കയുടെ നാലു വിക്കറ്റുകൾ വീഴ്ത്തിയ ആൻട്രിച്ച് നോർജ്യെയാണ് കളിയിലെ താരം.
Sri Lanka vs South Africa Highlights, T20 World Cup 2024
















