‘ശ്രീരാമന്‍ മാംസാഹാരി’, പരാമര്‍ശത്തിന് മാപ്പ് പറഞ്ഞ് ശരദ് പവാര്‍ വിഭാഗം എംഎല്‍എ; കലിപൂണ്ട് ബിജെപിയും രാമക്ഷേത്ര പുരോഹിതരും

ന്യൂഡല്‍ഹി : ശ്രീരാമന്‍ മാംസാഹാരിയായിരുന്നെന്ന വിവാദത്തിന് തിരികൊളുത്തി ശരദ് പവാര്‍ വിഭാഗം എംഎല്‍എ ഡോ. ജിതേന്ദ്ര അവ്ഹദ്. കേട്ടപാതി കേള്‍ക്കാത്ത പാതി വിമര്‍ശനവും വിലയിരുത്തലുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ഇതേത്തുടര്‍ന്ന് അദ്ദേഹം തന്നെ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞു.

ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ല, മറിച്ച് മാംസാഹാരിയായിരുന്നുവെന്നാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്. 14 വര്‍ഷം വനത്തില്‍ കഴിഞ്ഞ ഒരാള്‍ക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ നടന്ന ക്യാമ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അവ്ഹദ് വിവാദ പരാമര്‍ശം നടത്തിയത്.

”ശ്രീരാമന്‍ ബഹുജനങ്ങളുടേതാണ്. അദ്ദേഹം മൃഗങ്ങളെ വേട്ടയാടി ഭക്ഷിച്ചിരുന്നു. ശ്രീരാമന്‍ സസ്യാഹാരിയായിരുന്നില്ല, ഒരു നോണ്‍-വെജിറ്റേറിയനായിരുന്നു. 14 വര്‍ഷം വനത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് എങ്ങനെ സസ്യാഹാരം കണ്ടെത്താനാകും? ചോദ്യം ശരിയോ തെറ്റോ?”- എന്‍സിപി എംഎല്‍എ പറഞ്ഞു.

അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ബിജെപി നേതാക്കള്‍ പ്രതികരിക്കുകയും ജിതേന്ദ്ര അവാദിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനായ അരുണ്‍ യാദവ് അവാദിന്റെ വീഡിയോ പോസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസും ശ്രീരാമനെക്കുറിച്ചുള്ള അവാദിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ, അവാദിന്റെ പ്രസ്താവന തെറ്റാണെന്നും ശ്രീരാമന്‍ തനിക്ക് പഴങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായി ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്‍സിപി നേതാവ് ജിതേന്ദ്ര ഔഹാദ് പറയുന്നത് പൂര്‍ണമായും തെറ്റാണെന്ന് പുരോഹിതന്‍ വാദിച്ചു. വനവാസകാലത്ത് രാമന് മാംസാഹാരം കഴിച്ചതായി നമ്മുടെ ഗ്രന്ഥങ്ങളില്‍ ഒരിടത്തും എഴുതിയിട്ടില്ലെന്നും പഴങ്ങള്‍ ഉണ്ടായിരുന്നു എന്ന് എഴുതിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇങ്ങനെയുള്ള നുണയന് നമ്മുടെ ശ്രീരാമനെ അപമാനിക്കാന്‍ അവകാശമില്ലെന്നും നമ്മുടെ ദൈവം എന്നും സസ്യഭുക്കായിരുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Also Read