
തിരുവനന്തപുരം: മാര്‍ച്ച് നാലിന് ആരംഭിച്ച ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം. പ്ലസ് ടു പരീക്ഷകള്‍ നാളെ അവസാനിക്കും.
70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരെ പങ്കെടുപ്പിച്ച് ഏപ്രില്‍ മൂന്നു മുതല്‍ എസ്.എസ്.എല്‍.സി മൂല്യ നിര്‍ണയം തുടങ്ങും. 20 വരെ രണ്ടു ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.
അതേസമയം, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത് അവഗണിച്ച് എസ്.എസ്.എല്‍.സി പരീക്ഷാ ഹാളില്‍ ഡ്യൂട്ടിയിലുണ്ടായിരിക്കെ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ച ഇന്‍വിജിലേറ്റര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള പരീക്ഷാ സ്‌ക്വാഡ് ഇന്നലെയാണ്
തൃശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ കാല്‍ഡിയന്‍ സിലിയന്‍ സ്‌കൂളിലെ പരീക്ഷാ ഹാളിലെ ഇന്‍വിജിലേറ്ററില്‍ നിന്നും ഫോണ്‍ കണ്ടെടുത്തത്.തുടര്‍ന്ന് ഇന്‍വിജിലേറ്ററെ പരീക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
ഇന്ന് പരീക്ഷ അവസാനിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടാതിരിക്കാന്‍ പ്രത്യേക ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ചില സ്‌കൂളുകളിലെ ഫാനും ഫര്‍ണിച്ചറും അടക്കം നശിപ്പിച്ചും, വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തിയും പടക്കം പൊട്ടിച്ചും മറ്റും അതിരുവിടുന്ന തരത്തിലേക്ക് അവസാന പരീക്ഷാ ദിനം ആഘോഷമാക്കിയത് മുന്‍ നിര്‍ത്തിയാണ് ഇക്കൊല്ലം ജാഗ്രത പുലര്‍ത്തുന്നത്.
SSLC exam will end today