
ഉമ്മൻ കാപ്പിൽ
ലോംഗ് ഐലൻഡ് (ന്യൂയോർക്ക് ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി / യൂത്ത്കോൺഫറൻസിൻ്റെ കിക്കോഫ് മീറ്റിംഗിന് ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂസ് ഓർത്തഡോക്സ് മിഷൻ ഇടവക ഫെബ്രുവരി 4 ന് വേദിയായി.

ഇടവക വികാരി ഫാ. ഡാനിയേൽ (ഡെന്നിസ്) മത്തായി കുർബാനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് ഫാമിലി/യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘത്തെ ഷെയ്ൻ ഉമ്മൻ (ഭദ്രാസന കൗൺസിൽ അംഗം) പരിചയപ്പെടുത്തി.
ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (ട്രഷറർ), ഐറിൻ ജോർജ്, റോണ വർഗീസ്, ലിസ് പോത്തൻ, ജോനാഥൻ മത്തായി, പ്രേംസി ജോൺ, കെസിയ എബ്രഹാം (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഷെയ്ൻ ഉമ്മൻ കഴിഞ്ഞ സമ്മേളനങ്ങളിലെ തൻ്റെ മികച്ച അനുഭവം പങ്കുവച്ചു.
ചെറിയാൻ പെരുമാൾ കോൺഫറൻസിൽ യുവജന പങ്കാളിത്തത്തിൻ്റെ
പ്രാധാന്യത്തെക്കുറിച്ചും ഫാമിലി കോൺഫറൻസിലൂടെ യുവജനങ്ങൾ നേതൃനിരയിലേക്ക് വരാനുള്ള അവസരങ്ങളെപ്പറ്റി ഓർമ്മിപ്പിച്ചു. തീയതി, സ്ഥലം, പ്രസംഗകർ, ചിന്താവിഷയം എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങളും അദ്ദേഹം നൽകി.
സഭാവിശ്വാസത്തിന്റെ പുതിയ പാഠങ്ങൾ പഠിക്കാനും സുഹൃത് ബന്ധങ്ങൾ ബലപ്പെടുത്താനും കോൺഫറൻസിലെ മുൻകാല പങ്കാളിത്തം എത്രമാത്രം സഹായിച്ചു എന്ന് ലിസ് പോത്തൻ വിശദീകരിച്ചു.
സമ്മേളനത്തിനായി ആസൂത്രണം ചെയ്യുന്ന കായിക വിനോദ പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങളും ഐറിൻ
നൽകി. കോൺഫറൻസിന്റെ അനുസ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ
കുറിച്ചും സഹകരിക്കാനുള്ള അവസരങ്ങളെപ്പറ്റിയും പ്രേംസി ജോൺ സംസാരിച്ചു. ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരം പ്രയോജനപ്പെടുത്തി റാഫിൾ ടിക്കറ്റുകൾ വാങ്ങി ഫാമിലി കോൺഫറൻസിനെ പിന്തുണയ്ക്കാൻ ജോനാഥൻ മത്തായി എല്ലാവരേയും പ്രോത്സാഹിപ്പിച്ചു. റോണ വർഗീസ് സ്‌പോൺസർഷിപ്പ്
അവസരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകി.
സെന്റ് ആൻഡ്രൂസ് പള്ളിയിലെ എല്ലാവരേയും കോൺഫറൻസിലേക്ക് മാത്യു ജോഷ്വ ക്ഷണിച്ചു. സമ്പന്നമായ ഒരു ആത്മീയ അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. ഡെന്നിസ് മത്തായി സഭാംഗങ്ങളെ പ്രോത്സാഹിപ്പിച്ചു. ഡയമണ്ട് സ്പോൺസർ എന്ന നിലയിൽ ഷെയ്ൻ ഉമ്മൻ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ ഗ്രാൻഡ് സ്പോൺസർ എന്ന നിലയിൽ റോൺ ജേക്കബ് തൻ്റെ പിന്തുണ അറിയിച്ചു. കോൺഫറൻസിൽ രജിസ്റ്റർ ചെയ്തുകൊണ്ടും സുവനീറിൽ ആശംസാ സന്ദേശങ്ങൾ നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിക്കൊണ്ടും നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. വികാരി, ഭാരവാഹികൾ, ഇടവക അംഗങ്ങൾ എന്നിവരുടെ ഉദാരമായ
പിന്തുണക്കും സഹകരണത്തിനും ഫാമിലി കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് മാത്യു ജോഷ്വ നന്ദി അറിയിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം
റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.
St Andrews Church Youth Conference Registration














