റഷ്യക്കെതിരെ കടുപ്പിച്ച് ബൈഡൻ, ക്രിസ്മസ് രാത്രിയിലെ ആക്രമണം ‘അതിശക്തമായ അതിക്രമം’, പ്രതിരോധത്തിന് യുക്രൈന് കൂടുതൽ ആയുധം നൽകുമെന്നും പ്രഖ്യാപനം

വാഷിംഗ്ടൺ: ക്രിസ്മസ് രാത്രിയിൽ റഷ്യ, യുക്രൈനിൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ‘അതിശക്തമായ അതിക്രമം’ എന്നാണ് റഷ്യ, യുക്രൈനിൽ നടത്തിയ ആക്രമണത്തെ അമേരിക്കൻ പ്രസിഡന്‍റ് വിശേഷിപ്പിച്ചത്. യുക്രൈന്‍റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് റഷ്യ, ക്രിസ്മസ് ദിനത്തിൽ 170 ലധികം മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിച്ചതെന്ന് ബൈഡൻ ചൂണ്ടികാട്ടി. ഈ സാഹചര്യത്തിൽ യുക്രൈന് നൽകുന്ന സൈനിക പിന്തുണ അമേരിക്ക വർധിപ്പിക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

യുക്രൈനോടുള്ള അമേരിക്കയുടെ ഉറച്ച പിന്തുണയും ബൈഡൻ ആവർത്തിച്ചു. യുക്രൈന് നൽകിവരുന്ന ആയുധ വിതരണം അമേരിക്കൻ പ്രതിരോധ വകുപ്പ് വർധിപ്പിക്കുമെന്നും പ്രസിഡന്‍റ് വിവരിച്ചു. റഷ്യയുടെ അതിശക്തമായ അതിക്രമത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം യുക്രൈനൊപ്പം നിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അമേരിക്ക, യുക്രൈന് നൂറുകണക്കിന് വ്യോമ പ്രതിരോധ മിസൈലുകൾ നൽകിയതായും ആയുധ വിതരണം വർധിപ്പിക്കാൻ പ്രതിരോധ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ജോ ബൈഡൻ വിവരിച്ചു. ഈ ക്രൂരമായ ആക്രമണത്തിന്‍റെ ഉദ്ദേശം ശൈത്യകാലത്ത് വൈദ്യുതി വിതരണം താറുമാറാക്കി, യുക്രേനിയൻ ജനതയുടെ സുരക്ഷ അപകടത്തിലാക്കുകയായിരുന്നുവെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

അതേസമയം റഷ്യ നടത്തിയത് മനുഷ്യത്വരഹിതമായ ആക്രമണമാണെന്നാണ് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി അഭിപ്രായപ്പെട്ടത്. ‘ആക്രമണത്തിനായി പുടിൻ മനഃപൂർവം ക്രിസ്മസ് ദിനം തിരഞ്ഞെടുത്തു, ഇതിലും മനുഷ്യത്വരഹിതമായ മറ്റെന്താണുള്ളത്’ – സെലെൻസ്‌കി എക്‌സിൽ കുറിച്ചത് ഇങ്ങനെ ആയിരുന്നു.