
ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുവദിച്ച ജാമ്യത്തിന് സ്റ്റേ. ഡൽഹി ഹൈക്കോടതിയാണ് ജാമ്യം സ്റ്റേ ചെയ്തത്. ഇപ്പോൾ ജയിലിൽ നിന്നു പുറത്തിറങ്ങുമെന്ന കരുതിയിരുന്ന കെജ്രിവാൾ ജയിലിൽ തന്നെ തുടരും. വലിയ തിരിച്ചടിയാണ് ഡൽഹി മുഖ്യമന്ത്രിക്ക് കിട്ടിയിരിക്കുന്നത്.
സിറ്റി റൂസ് അവന്യൂ കോടതി ഇന്നലെ അനുവദിച്ച ജാമ്യത്തിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തിഹാർ ജയിലിൽ നിന്ന് കെജ്രിവാൾ പുറത്തിറങ്ങാൻ ഇരിക്കെ കോടതി ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. കോടതിയിൽ ഇപ്പോഴും വാദം തുടരുകയാണ്. വാദം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിൽ വിടാൻ സാധിക്കില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി വിധി പറഞ്ഞേക്കും.
മാര്‍ച്ച് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെജ്രിവാളിന് 1,00,000 രൂപയുടെ ബോണ്ടിലാണ് വ്യാഴാഴ്ച അവധിക്കാല ജഡ്ജി ന്യായ് ബിന്ദു ജാമ്യം അനുവദിച്ചത്.
ജാമ്യാപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികള്‍ 48 മണിക്കൂറത്തേക്ക് മാറ്റിവയ്ക്കണമെന്ന ഇഡിയുടെ അപേക്ഷ തള്ളിയാണ് ജാമ്യം നല്‍കിയത്. വിധിക്കെതിരെ ഇഡി ഇന്നു രാവിലെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് വീണ്ടും ജയിലിലേക്ക് പോവുകയായിരുന്നു. അവസാനഘട്ട വോട്ടെടുപ്പിനുശേഷം കീഴടങ്ങാനായിരുന്നു കെജ്‍രിവാളിന് കോടതി നല്‍കിയ നിര്‍ദേശം. മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്‍രിവാള്‍ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിനുശേഷമായിരുന്നു നേരത്തെ ജാമ്യം ലഭിച്ചത്.
Stay for Aravind Kejriwal’s bail from Delhi High Court