
കല്‍പ്പറ്റ: കേരളത്തെ നടുക്കിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഏഴാം ദിവസമായ ഇന്നും തുടരും. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരത്ത് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരും.
തിരച്ചിലിന് വെല്ലുവിളിയായി വീടുകള്‍ക്കുമേല്‍ നാല്‍പത് അടിയോളം ഉയരത്തില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്. ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം മരണ സംഖ്യ 380 ആയി ഉയര്‍ന്നു. ഇനിയും മരണ സംഖ്യ ഉയരാനാണ് സാധ്യത. ഇനി കണ്ടെത്താനുള്ളത് 180 പേരെയാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിനോടകം 17 ക്യാമ്പുകളിലായി 2551 പേരെ ദുരന്തമുഖത്തു നിന്നും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയതിന് പിന്നാലെ ഭക്ഷണ വിതരണം കാര്യക്ഷമമല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വെള്ളവും പ്രഭാതഭക്ഷണം ഉള്‍പ്പെടെയുള്ളവയും ലഭിച്ചില്ലെന്നാണ് പലരും പരാതിപ്പെട്ടത്. എന്നാല്‍ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃതപണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിശദീകരണം. മാത്രമല്ല, ആരോപണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാകളക്ടര്‍ ഡി.ആര്‍ മേഘശ്രീ വ്യക്തമാക്കിയിരുന്നു.















