
കൊല്ലം: കരുനാഗപ്പള്ളിയിൽ 12 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്ക്. ചങ്ങൻകുളങ്ങര, കടത്തൂർ ഭാഗങ്ങളിലുള്ളവരെയാണ് തെരുവുനായ കടിച്ചത്. പരുക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടിയേറ്റത് കൂടുതലും വയോധികർക്കാണ്. വീടിന്റെ പരിസരത്ത് നിന്നവരെ തെരുവുനായ് കടിച്ച് പരിക്കേൽപിച്ച് രക്ഷപെട്ടോടുകയായിരുന്നു. ചങ്ങൻകുളങ്ങര സുജ ഭവനത്തിൽ ശാന്തമ്മ (75), ചങ്ങൻസന്തോഷ് ഭവനത്തിൽ സുരേഷ് (50), ചങ്ങൻകുളങ്ങര അനിൽ ഭവനത്തിൽ അനിൽകുമാർ (60), കടത്തൂർ സ്വദേശികളായ സുമതി (72), ചന്ദ്രമതി (65), ഭാരതി (68) തുടങ്ങിയ 12 പേർക്കാണ് നായുടെ കടിയേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആദ്യം ചങ്ങൻകുളങ്ങരയിലെത്തിയ തെരുവുനായ ആളുകളെ കടിക്കുകയും പിന്നീട് കടത്തൂർ ഭാഗത്തേക്ക് പോവുകയുമായിരുന്നു. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരുടെ നില തൃപ്തികരമാണ്.