ഇന്ത്യയും കാനഡയും ഇടയുമ്പോള്‍ തുലാസിലാകുന്നത് പതിനായിരത്തോളം മലയാളി വിദ്യാര്‍ത്ഥികളുടെ ഭാവി

ഉലഞ്ഞുലഞ്ഞ് ഇന്ത്യ-കാനഡ ബന്ധം നീങ്ങുമ്പോള്‍ ആശങ്കയിലായി വിദ്യാര്‍ത്ഥികളും. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയും കാനഡയും പോര് മുറുക്കുമ്പോള്‍ പതിനായിരത്തോളം മലയാളി വിദ്യാര്‍ത്ഥികളുടെ ഭാവിയെ അത് ആശങ്കപ്പെടുത്തുന്നു. ഇവരില്‍ വലിയൊരു പങ്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ കാനഡയിലെത്തിയവരാണ്. പുതിയ സംഭവവികാസങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കാനഡ വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

കാനഡയില്‍ പഠിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും അടുത്തിടെ എത്തിയവരാണ്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്നത് മലയാളികള്‍ അടക്കമുള്ളവരെ ബാധിക്കുന്നുണ്ട്. അടുത്തിടെ ട്രൂഡോ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവന്നിരുന്നു. ഇതിനെതിരേ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്.

4.27 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ ഉണ്ടെന്നാണ് നിലവിലെ കണക്ക്. കാനഡയിലെ ആകെ വിദേശ വിദ്യാര്‍ത്ഥികളുടെ 41 ശതമാനം വരുമിത്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ട്രൂഡോ സര്‍ക്കാര്‍ കൊണ്ടുവന്നതോടെ കാനഡയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്. ഈവര്‍ഷമിത് 37 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. മാത്രമല്ല, 2023 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച സ്റ്റഡി പെര്‍മിറ്റില്‍ 86 ശതമാനത്തിന്റെ കുറവുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1,08,940ല്‍ നിന്ന് 14,901 ആയി കുറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് കാനഡ ഇനിയുള്ള കാലം അത്ര സുഖകരമായ ഇടമായിരിക്കില്ല. തൊഴിലവസരങ്ങള്‍ കുറഞ്ഞതിനൊപ്പം രാജ്യങ്ങള്‍ തമ്മിലുള്ള ഭിന്നതയും ഇന്ത്യാവിരുദ്ധത ശക്തിപ്പെടാന്‍ ഇടയാക്കും. കാനഡയിലേക്ക് പോകാന്‍ താല്പര്യപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ജര്‍മനിയും ഓസ്ട്രേലിയയുമാണ് പുതിയ ലക്ഷ്യസ്ഥാനങ്ങളായി തിരഞ്ഞെടുക്കുന്നത്.

More Stories from this section

family-dental
witywide