
ബെംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലിൽ കൊലപ്പെടുത്തി ബാഗിലാക്കി ടാക്സിയിൽ കർണാടകത്തിലേക്ക് പോയ ടെക് സിഇഒആയ ഭാര്യ സൂചന സേത്, മകനെ കാണാൻ തന്നെ അനുവദിച്ചിരുന്നില്ലെന്ന് മുൻ ഭർത്താവ് വെങ്കട് രാമൻ. 2023 നവംബറിലാണ് മകനെ കാണാൻ കോടതി ഇയാൾക്ക് അനുവാദം നൽകിയത്. ഇതിന് ശേഷം ആകെ രണ്ടുതവണയാണ് മകനെ കാണാനായതെന്നും കഴിഞ്ഞ 5 ഞായറാഴ്ചകളിലും സൂചന മകനെ കാണാൻ അനുവദിച്ചില്ലെന്നും വെങ്കട് പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് വെങ്കട് രാമൻ മൊഴി നൽകാനായി ഗോവയിൽ എത്തിയത്.
കേസിന്റെ വസ്തുതകൾ പരിശോധിക്കുന്നതിനായി വിശദമായ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളിൽ, പിതാവിനെ കാണാൻ അവർ മകനെ അനുവദിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
അടുത്തിടെയുള്ള കോടതി ഉത്തരവ് പ്രകാരം ഞായറാഴ്ച ബംഗളൂരുവിൽ വന്ന് മകനെ കാണാമെന്ന് പറഞ്ഞ് സേത്ത് ശനിയാഴ്ച (ജനുവരി 6) തന്റെ വേർപിരിഞ്ഞ ഭർത്താവിന് സന്ദേശം അയച്ചതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു. “എന്നാൽ, ഞായറാഴ്ചത്തെ സന്ദർശനത്തെക്കുറിച്ച് പ്രതികരണമൊന്നും ലഭിക്കാത്തതിനാൽ, ബിസിനസ് ആവശ്യങ്ങൾക്കായി അദ്ദേഹം ജക്കാർത്തയിലേക്ക് പോയി,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.