
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ തീപ്പൊരി പ്രസംഗവുമായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സുനിത കെജ്രിവാൾ.
രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ, മെഹബൂബ മുഫ്തി, മല്ലികാർജുൻ ഖാർഗെ എന്നിവരുൾപ്പെടെ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിൻ്റെ നേതാക്കൾ പങ്കെടുത്ത കൂറ്റൻ റാലിയിൽ സുനിത കെജ്‌രിവാൾ ജയിലിൽ കഴിയുന്ന ഭർത്താവ് അയച്ച സന്ദേശം വായിച്ചു.
“ഇന്ത്യയിലെ ജനങ്ങൾ അരവിന്ദ് കെജ്‌രിവാളിനൊപ്പം നിൽക്കുന്നു. അദ്ദേഹത്തെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ കഴിയില്ല,” നൂറുകണക്കിന് ആം ആദ്മി പാർട്ടി (എഎപി) അനുഭാവികൾക്ക് മുന്നിൽ തൻ്റെ ആദ്യത്തെ പ്രധാന രാഷ്ട്രീയ പ്രസംഗത്തിൽ സുനിത കെജ്‌രിവാൾ പറഞ്ഞു.
“ഞാൻ നിങ്ങളോട് വോട്ട് ചോദിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ ഒരാളെ തോൽപ്പിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നില്ല. ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കാൻ മാത്രമാണ് 140 കോടി ഇന്ത്യക്കാരോട് ഞാൻ ആവശ്യപ്പെടുന്നത്,” ജയിലിൽ നിന്നുള്ള ഭർത്താവിൻ്റെ സന്ദേശം ഉദ്ധരിച്ച് സുനിത കെജ്‌രിവാൾ പറഞ്ഞു.
ഇന്ത്യ പേരിൽ മാത്രമല്ല, ഇന്ത്യ ഞങ്ങളുടെ ഹൃദയത്തിലാണ് എന്ന് പറഞ്ഞ് അവർ പ്രതിപക്ഷ ഇന്ത്യ ബ്ലോക്കിന് പിന്തുണ നൽകി. തുടർന്ന് അരവിന്ദ് കെജ്‌രിവാൾ ജയിലിൽവെച്ച് എഴുതിയ ആറ് ഗ്യാരണ്ടികൾ അവർ വായിച്ചു.
“ആദ്യം, രാജ്യത്തുടനീളം പവർകട്ട് ഉണ്ടാകില്ല. രണ്ടാമതായി, രാജ്യത്തുടനീളമുള്ള പാവപ്പെട്ടവർക്ക് വൈദ്യുതി സൗജന്യമായിരിക്കും. മൂന്നാമതായി, എല്ലാ ഗ്രാമങ്ങളിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്ന ഒരു നല്ല സ്കൂൾ ഉണ്ടായിരിക്കും. നാലാമത്, ഓരോ ഗ്രാമത്തിൽ മൊഹല്ല ക്ലിനിക്ക് ഉണ്ടാകും, എല്ലാ ജില്ലയിലും സർക്കാർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഉണ്ടാകും. അഞ്ചാമതായി, സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരം കർഷകർക്ക് നല്ല മിനിമം താങ്ങുവില ലഭ്യമാക്കും. ആറാമത്, ഡൽഹിയിലെ ജനങ്ങ8 വർഷങ്ങളായി അന്യായം അനുഭവിക്കുന്നു. ഞങ്ങൾ അത് അവസാനിപ്പിക്കും. ഡൽഹിയിലെ ജനങ്ങൾക്ക് സംസ്ഥാന പദവി ലഭിക്കും.”










