
മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം കൂടി ലഭിക്കാതയതോടെ ഡൽഹി മുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നു. ജയിലിൽ കിടന്നുകൊണ്ട് കെജ്രിവാൾ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് ആം ആദ്മി പാർട്ടി അറിയിച്ചിരിക്കുന്നതെങ്കിലും അത് നിയമപരമായി ചിലപ്പോൾ സാധ്യമല്ലാത്ത സാഹചര്യം ഉണ്ടായേക്കും. ആ ഭരണം പറ്റില്ല എന്ന് ബിജെപി വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ആരാകും ഡൽഹി മുഖ്യമന്ത്രി?
കെജ്രിവാളിൻ്റെ ഭാര്യയും മുൻ ഐആർഎസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാളിൻ്റെ പേരാണ് സജീവ പരിഗണനയിലുള്ളത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി ആം ആദ്മി പാർട്ടിയിലെ രണ്ടാം സ്ഥാനത്തുള്ള അതിഷി , രാഘവ് ഛദ്ദ തുടങ്ങിയ പല പേരുകളും ആദ്യം ഉയർന്നു വന്നിരുന്നെങ്കിലും പിന്നീട് പേര് സുനിതയിലേക്ക് ചുരുങ്ങുകയായിരുന്നു.
കെജ്രിവാളിനെ അകത്താക്കുന്നതിലൂടെ ആം ആദ്മി പാർട്ടിയെ തന്നെ ഇല്ലാതാക്കാമെന്നാണ് ബിജെപി മോഹം. വൃത്തിയായി ഭരിച്ചില്ലെങ്കിൽ ഡൽഹി ഭരണം രാഷ്ട്രപതി തന്നെ ഏറ്റെടുക്കുമെന്നു ബിജെപി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
സുനിതയും കെജ്രിവാളിനെ പോലെ തന്നെ ഐആർഎസ് ഉദ്യോഗസ്ഥയായിരുന്നു. 22 വർഷം ഇൻകം ടാക്സ് വകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. വൊളൻ്ററി റിട്ടയർമെൻ്റ് എടുക്കുമ്പോൾ ഡൽഹിയിലെ ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബൂണലിലെ ഐടി കമ്മിഷ്ണറായിരുന്നു. കെജ്രിവാളിനൊപ്പം എന്നും അവരുണ്ടായിരുന്നു. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയായിരിക്കുക എന്നത് അവരെ സംബന്ധിച്ച് ബാലികേറ മലയൊന്നുമായിരിക്കില്ല.
കഴിഞ്ഞ ദിവസം തന്നെ അവരുടെ ട്വീറ്റ് എല്ലാവരും ശ്രദ്ധിച്ചിരുന്നു. സമൂഹമാധ്യമമായ എക്സിലൂടെയാണ് സുനിതയുടെ പ്രതികരണം. ‘മൂന്നുതവണ നിങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് എല്ലാം അറിയാം, ജയ്ഹിന്ദ് ’ എന്നാണ് സുനിത കേജ്‌രിവാൾ പ്രതികരിച്ചത്.
Sunitha Kejriwal is likely to be next CM of Delhi













