സൂപ്പർ ചൊവ്വ എത്തി; അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഫൈനലിസ്റ്റുകൾ ആരായിരിക്കും? ബൈഡനും ട്രംപിനും നിർണായക ദിനം

യുഎസ് തിരഞ്ഞെടുപ്പ് കലണ്ടറിലെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ “സൂപ്പർ ചൊവ്വ” ഇതാ എത്തിയിരിക്കുന്നു. യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലെ ഹീറ്റ്സ് മൽസരങ്ങൾ ഇന്ന് ഈ ചൊവ്വാഴ്ച അവസാനിക്കുകയാണ്. ഇനി ഫൈനൽ മാത്രം. ബൈഡനും ട്രംപും തമ്മിലാവുമോ ആ ഫൈനൽ മൽസരം. അമേരിക്കയിൽ സൂര്യൻ അസ്തമിക്കും മുമ്പ് അത് അറിയാം. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ളിക്കൻ – ഡെമോക്രാറ്റ് സ്ഥാനാർഥികളെ കണ്ടെത്താനുള്ള 15 സംസ്ഥാനങ്ങളിലെ പ്രൈമറികൾ അമേരിക്കയിൽ പുരോഗമിക്കുകയാണ്.

റിപ്പബ്ളിക്കനമാരെ സംബന്ധിച്ച് 13 പ്രൈമറികളും 2 കോക്കസുകളും ഇന്നു നടക്കുകയാണ്. ഡെമോക്രാറ്റുകളുടെ 14 പ്രൈമറിയും ഒരു കോക്കസും ഇന്നു നടക്കുന്നു.

അലബാമ, അലാസ്ക( റിപ്പബ്ളിക്കൻ മാത്രം), അർക്കൻസസ്, അയോവ( ഡെമോക്രാറ്റ് മാത്രം) , കാലിഫോർണിയ, കൊളറാഡോ, മെയ്ൻ, മസാച്യുസെറ്റ്സ്, മിനസോട്ട, നോർത്ത് കരോലിന, ഒക്ലഹോമ, ടെന്നിസി, ടെക്സസ്, ഉത്താ, വെർമോണ്ട്, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ്.

റിപ്പബ്ലിക്കൻ പാർട്ടിയിലെ 2,429 പ്രതിനിധികളിൽ 865 പേർ ഇന്ന് മത്സരിക്കും. ജൂലൈയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവെൻഷനിൽ നോമിനേഷൻ നേടുന്നതിന് കുറഞ്ഞത് 1,215 പ്രതിനിധികൾ ആവശ്യമാണ്.773 ഡെലിഗേറ്റുകളെങ്കിലും വിജയിക്കുമെന്നും നോമിനേഷൻ ഉറപ്പാക്കാൻ ആവശ്യമായ മാജിക് നമ്പർ ട്രംപ് മറികടക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് വിദഗ്ധരുടെ പ്രവചനം. അങ്ങനെയെങ്കിൽ നിക്കി ഹേലി അവരുടെ മൽസരം ഇന്നോടെ അവസാനിപ്പിക്കും.

ഡെമോക്രാറ്റിക് മുന്നണിയിൽ, യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തന്നെയായിരിക്കും സ്ഥാനാർഥി എന്നാണ് പൊതു സംസാരം. ഡെമോക്രാറ്റിക് പ്രതിനിധികളിൽ മൂന്നിലൊന്ന് പേരെയും ഇന്ന് തീരുമാനിക്കും.

Super Tuesday kicks off Today

Also Read

More Stories from this section

family-dental
witywide