‘ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുകയാണ്’, കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി; ജാമ്യം എതിര്‍ത്ത് ഇഡി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീം കോടതി വാദം തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കാന്‍ തീരുമാനിച്ചേക്കുമെന്ന് മെയ് 3 ന് സുപ്രീം കോടതി സൂചിപ്പിച്ചതിന് പിന്നാലെയാണ് ഇന്ന് വാദം കേള്‍ക്കുന്നത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കവേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത് നമുക്ക് അവഗണിക്കാനാവില്ലെന്നും അസാധാരണമായ സാഹചര്യമാണ് ഇതെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ജാമ്യത്തെ എതിര്‍ത്ത ഇഡി രാജ്യത്തുടനീളം പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട 5000 കേസുകളുണ്ടെന്നും എല്ലാവരെയും ജാമ്യത്തില്‍ വിടുമോ? എന്നും കോടതിയില്‍ ചോദിച്ചു. അരവിന്ദ് കെജ്രിവാളിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടയയ്ക്കുന്നത് തെറ്റായ മാതൃക സൃഷ്ടിക്കുമെന്നും ക്രിമിനല്‍ പ്രോസിക്യൂഷന്റെ കാര്യങ്ങളില്‍ ഒരു രാഷ്ട്രീയക്കാരന് ഒരു സാധാരണ പൗരനേക്കാള്‍ അവകാശം കൂടുതലില്ലെന്നും ഇഡി വാദിച്ചു.

ഇഡിയുടെ വാദത്തിന് ശേഷം ഇടക്കാല ജാമ്യം നല്‍കിയാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകനോട് സുപ്രീം കോടതി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നില്ലെങ്കില്‍ ഇടക്കാലാശ്വാസം പരിഗണിക്കില്ലായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യില്ലെന്ന് കെജ്രിവാളിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

നേരത്തെ, 2023 ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുന്ന മുന്‍ ഡല്‍ഹി മന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് മുമ്പും ശേഷവുമുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഏജന്‍സിയോട് ആവശ്യപ്പെട്ടിരുന്നു. ‘എന്തെങ്കിലും കണ്ടെത്തുന്നതിന്’ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രണ്ട് വര്‍ഷമെടുത്തുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹി മദ്യനയം സംബന്ധിച്ച കേസിലെ സാക്ഷികള്‍ക്കും കുറ്റാരോപിതര്‍ക്കും മുമ്പാകെ പ്രസക്തമായ ചില ചോദ്യങ്ങള്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നും കോടതി ഏജന്‍സിയോട് ചോദിച്ചു. കെജ്രിവാളല്ല അന്വേഷണത്തിന്റെ പ്രധാന കേന്ദ്രമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു മറുപടിയില്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം പുരോഗമിക്കുമ്പോള്‍ കെജ്രിവാളിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുമെന്നും അദ്ദേഹം വാദിച്ചു.

More Stories from this section

family-dental
witywide