
ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ സമർപ്പിക്കപ്പെടുന്ന ഹർജികളിൽ കക്ഷികളുടെ ജാതിയോ മതമോ പരാമർശിക്കരുതെന്ന് സുപ്രീംകോടതി. ദമ്പതിമാർക്കിടയിലെ കുടുംബ പ്രശ്ന ഹർജി കേൾക്കവെ ജസ്റ്റിസ് ഹിമ കോഹ്‌ലിയും അഹ്സനുദ്ദീൻ അമാനുല്ലയുമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ, ഉത്തരവിന്‍റെ പകർപ്പ് ബന്ധപ്പെട്ട രജിസ്ട്രാർമാർക്ക് സമർപ്പിക്കാനും കോടതി നിർദേശിച്ചു. എല്ലാ ഹൈക്കോടതികളിലെയും രജിസ്ട്രാർ ജനറൽമാർക്ക് പകർപ്പ് ഉടൻ കൈമാറും.
ഹർജി കേൾക്കവെ മെമ്മോയിൽ കക്ഷികളുടെ ജാതി പരാമർശിച്ചത് കണ്ട് ജഡ്ജിമാർ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. കക്ഷിയുടെ ജാതി പരാമർശിക്കുന്ന ഇത്തരം സമ്പ്രദായം ഒഴിവാക്കണമെന്നും നിർത്തണമെന്നും കോടതി പറഞ്ഞു.
സുപ്രീം കോടതിയിലോ താഴെയുള്ള കോടതികളിലോ ഏതെങ്കിലും വ്യവഹാരക്കാരന്‍റെ ജാതി /മതം പരാമർശിക്കുന്നതിന് കാരണമൊന്നും കാണുന്നില്ല. അത്തരം സമ്പ്രദായങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതാണെന്ന് കോടതി വ്യക്തമാക്കി.