പാർട്ടി ഓഫിസ് കയ്യേറ്റ ഭൂമിയിൽ; ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാനം ജൂണ്‍ 15-നകം ഒഴിയണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: റോസ് അവന്യൂവില്‍ സ്ഥിതി ചെയ്യുന്ന പാര്‍ട്ടി ആസ്ഥാനം ജൂണ്‍ 15-നകം ഒഴിയണമെന്ന് ആം ആദ്മി പാര്‍ട്ടിയോട് (എ.എ.പി) സുപ്രീം കോടതി. ഡല്‍ഹി ഹൈക്കോടതിക്കായി അനുവദിച്ച സ്ഥലത്താണ് പാർട്ടിയുടെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. പൊതുതിരഞ്ഞെടുപ്പിന്റെ സമയമായതിനാലാണ് ജൂണ്‍ 15 വരെ സമയം നല്‍കുന്നതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.

പുതിയ ഓഫീസിനായുള്ള ഭൂമിക്കായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ സമീപിക്കാൻ ആം ആദ്മി പാർട്ടിയോട് കോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ പാർട്ടിയുടെ അപേക്ഷ പരി​ഗണിക്കണമെന്നും നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.