‘ഉത്തരവ് മനഃപൂർവ്വം ധിക്കരിച്ചു, ഞങ്ങൾ അന്ധരല്ല’; പതഞ്ജലിയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി; മാപ്പപേക്ഷ വീണ്ടും തള്ളി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പതഞ്ജലിയെ നിർത്തിപ്പൊരിച്ച് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് ബാബാ രാംദേവിൻ്റെയും ആചാര്യ ബാലകൃഷ്‌ണയുടെയും നിരുപാധിക മാപ്പ് സുപ്രീം കോടതി ബുധനാഴ്ച തള്ളി. ജസ്റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് പതഞ്ജലിയെ രൂക്ഷമായി വിമർശിച്ചു.

പതഞ്ജലിയുടെ പ്രവർത്തനങ്ങൾ മനഃപൂർവവും ബോധപൂർവവും ആവർത്തിച്ചുള്ളതും സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനവുമാണെന്ന് ജഡ്ജിമാർ പറഞ്ഞു. ആളുകൾ ജീവിതത്തിൽ തെറ്റുകൾ വരുത്താറുണ്ടെന്ന് പതഞ്ജലി സ്ഥാപകർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി ബെഞ്ചിനോട് പറഞ്ഞു. എന്നാൽ, സുപ്രീം കോടതി അഭിഭാഷകനെ ശാസിച്ചു. “ഞങ്ങൾ അന്ധരല്ല… ഈ കേസിൽ ഉദാരത കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” ബെഞ്ച് ചൂണ്ടിക്കാട്ടി. ഇന്നത്തെ വാദം കേൾക്കുന്നതിനിടെ, പതഞ്ജലിയും അതിൻ്റെ എംഡി ആചാര്യ ബാലകൃഷ്ണയും സമർപ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളും ബാബ രാംദേവ് സമർപ്പിച്ച സത്യവാങ്മൂലവും അഭിഭാഷകൻ റോത്തഗി വായിച്ചു.

More Stories from this section

family-dental
witywide