
തൃശൂർ: പരസ്പരം പ്രശംസിച്ച് തൃശൂർ എംപി സുരേഷ് ഗോപിയും കോർപ്പറേഷൻ മേയർ എംകെ വർഗീസും. കോർപറേഷൻ പരിപാടിയ്‌ക്കിടെയാണ് സംഭവം. അയ്യന്തോളിൽ കോർപറേഷന്റെ അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ഉദ്‌ഘാടന ചടങ്ങിലാണ് സുരേഷ് ഗോപി മേയറെ ആദ്യം പ്രശംസിച്ചത്. പിന്നാലെ മേയറും സുരേഷ് ഗോപിയെ പ്രശംസിച്ചു.
രാഷ്ട്രീയം വേറെയാണെങ്കിലും ജനങ്ങൾക്ക് വേണ്ടി തന്റെ ഫണ്ട് വിനിയോഗം നടത്തിയ മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ആരാണ് മേയർക്കെതിരെ നിൽക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അവരെ ജനങ്ങൾതന്നെ കൈകാര്യം ചെയ്‌താൽ മതിയെന്നും താരം പറഞ്ഞു.
ജനം സുരേഷ് ഗോപിയെ പ്രതീക്ഷയോടെ കാണുന്നതായും തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും മേയർ പറഞ്ഞു. വലിയ വലിയ പദ്ധതികളാണ് സുരേഷ് ഗോപിയുടെ മനസിലുള്ളതെന്നും മേയർ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തും മേയർ സുരേഷ് ഗോപിയെ പ്രശംസിച്ചിരുന്നു. പ്രസ്‌താവന വിവാദമായതോടെ സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാർത്ഥികളും ഫിറ്റാണെന്ന് മേയർ തിരുത്തി. കോൺഗ്രസിൽ നിന്നും രാജിവച്ച ശേഷം സിപിഎം പിന്തുണയിലാണ് എം.കെ വർഗീസ് തൃശൂർ മേയറായത്.
Suresh Gopi and Thrissur mayor praises each other













