
കൊച്ചി: പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി.
രണ്ട് ആഡംബര കാറുകൾ പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തതിനാണ് സുരേഷ് ഗോപിക്കെതിരെ കേസ്. പുതുച്ചേരിയിലെ തന്റെ കൃഷിഭൂമിയുടെ വിലാസത്തിലാണ് കാറുകൾ രജിസ്റ്റർ ചെയ്തതെന്നാണ് സുരേഷ് ഗോപി വാദിച്ചത്. എന്നാൽ, അന്വേഷണത്തിൽ അങ്ങനെയൊരു ഭൂമി ഇല്ലെന്ന് കണ്ടെത്തി. 2016ൽ രാജ്യസഭാ എംപിയായതിന് മുമ്പും ശേഷവും സുരേഷ് ഗോപി പുതുച്ചേരിയിൽ രണ്ട് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്രഭരണപ്രദേശത്ത് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിലൂടെ 30 ലക്ഷം രൂപ വരെ നികുതി വെട്ടിച്ചതായാണ് കണക്ക്.
2010 ജനുവരി 27 നാണ് PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. വാഹനം രജിസ്റ്റര്‍ ചെയ്ത പുതുച്ചേരിയിലെ വിലാസവും വ്യാജമാണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.