ഇന്ദിരാഗാന്ധി ‘ഭാരതമാതാവ്’, കരുണാകരനും നായനാരും ‘രാഷ്ട്രീയ ഗുരുക്കള്‍’: സുരേഷ് ഗോപി

കൊച്ചി: ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ നിന്നും ഉജ്ജ്വല വിജയം നേടിയ സുരേഷ് ഗോപി ദേശീയ തലത്തിലും ശ്രദ്ധ നേടുകയും ചര്‍ച്ചാ വിഷയമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാക്കളായ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെക്കുറിച്ചും, കെ. കരുണാകരനെക്കുറിച്ചും മുതിര്‍ന്ന കമ്യൂണിസ്റ്റു നേതാവ് നായനാരെക്കുറിച്ചും സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയാകുകയാണ്.

ഇന്ദിരാഗാന്ധിയെ ‘ഭാരത മാതാവ്’ എന്നും അന്തരിച്ച മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരനെയും ഇ.കെ നായനാരെയും ‘രാഷ്ട്രീയ ഗുരുക്കള്‍’ എന്നുമാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്. കരുണാകരന്റെ പുങ്കുന്നത്തെ മുരളി മന്ദിരം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ഇന്ദിരാഗാന്ധിയെ ‘ഭാരതത്തിന്റെ മാതാവ്’ ആയി കാണുമ്പോള്‍, കരുണാകരനാണ് തനിക്ക് ‘സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിതാവ്’ എന്നും അദ്ദേഹം പറഞ്ഞു. കരുണാകരനെ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചത് ആരോടും കാണിക്കുന്ന അനാദരവല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ഏപ്രില്‍ 26ന് നടന്ന തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടന്ന തൃശൂരില്‍ മൂന്നാം സ്ഥാനത്തെത്തിയ കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് സുരേഷ് ഗോപി തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയിക്കുകയായിരുന്നു.

കരുണാകരന്‍ സ്മാരകത്തിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയ അര്‍ത്ഥം ചേര്‍ക്കരുതെന്ന് മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ച ബിജെപി നേതാവ്, തന്റെ ‘ഗുരുവിന്’ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് ഇവിടെ വന്നതെന്നും പറഞ്ഞാണ് മടങ്ങിയത്. അതേസമയം, ജൂണ്‍ 12ന് നായനാരുടെ കണ്ണൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായുള്ള ബന്ധം സുരേഷ് ഗോപി പുതുക്കിയിരുന്നു.

More Stories from this section

family-dental
witywide