
തിരുവനന്തപുരം: ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാവും, ഇന്ത്യയുടെ അഭിമാനവുമായ പി ആർ ശ്രീജേഷിനും കുടുംബത്തനും വീട്ടിൽ വിരുന്നൊരുക്കി കേന്ദ്ര പെട്രോളിയം ടൂറീസം സഹമന്ത്രി സുരേഷ് ഗോപിയുയും ഭാര്യ രാധികയും. സർക്കാരിന്റെ അനുമോദന ചടങ്ങിനെത്തിയ വെങ്കല മെഡൽ ജേതാവിനെയും കുടുംബത്തെയും ശാസ്തമംഗലത്തെ വീട്ടിൽ സ്വീകരിച്ചാണ് അഭിനന്ദിച്ചത്. ഇവർക്കായി സദ്യയുമൊരുക്കിയിരുന്നു.
സംസ്ഥാന സർക്കാർ അനുമോദനം സ്വീകരിക്കാനാണ് ശ്രീജേഷ് കുടുംബ സമേതം തലസ്ഥാനത്ത് എത്തിയത്. എന്നാൽ വകുപ്പുകളുടെ തർക്കത്തെ തുടർന്ന് ചടങ്ങ് മാറ്റിവെക്കേണ്ടി വന്നു. വിവരം താരത്തെ ഇന്നലെ വൈകുന്നേരമാണ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി ഒളിമ്പ്യന് വസതിയിൽ സ്വീകരണമൊരുക്കിയത്.
ഒളിമ്പിക് മെഡൽ ശ്രീജേഷ് മന്ത്രിയ്ക്കു കാണിച്ചു കൊടുത്തു. ഇന്ത്യക്കായി വിയർത്തു നേടിയ ഈ മേഡലുകൾക്കും അംഗീകാരത്തിനും രാജ്യം എന്നും ശ്രീജേഷിനോട് കടപ്പെട്ടിരിക്കുന്നെന്ന് മന്ത്രി പറഞ്ഞു. ശ്രീജേഷിനോടൊപ്പം ഭാര്യ ഡോ. അനീഷ്യ, കുട്ടികൾ, സഹോദരങ്ങൾ, മാതാപിതാക്കൾ എന്നിവരും ഉണ്ടായിരുന്നു.