
തൃശൂര്‍: തൃശൂര്‍ രാമനിലയത്തില്‍വെച്ച് മാധ്യമങ്ങളെ തള്ളിമാറ്റി പ്രതികരിക്കാന്‍ സൗകര്യമില്ലെന്ന് പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായെത്തിയ മാധ്യമ പ്രവര്‍ത്തകരോടാണ് സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്. രാവിലെ ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ പ്രതികരണം വിവാദമായിരുന്നു.
എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമാണ് മാധ്യമ പ്രവര്‍ത്തകരോട് ഇപ്പോള്‍ നടത്തിയ പ്രതികരണത്തില്‍ അദ്ദേഹം പറഞ്ഞത്.
വലിയ സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപിയുടെ നേരത്തെയുള്ള പ്രതികരണം. മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കുമെന്നും വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ് ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ് എന്നൊക്കെയാണ് അദ്ദേഹം രാവിലെ പറഞ്ഞത്.
ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങളെന്നുംഅദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട്.
കോടതി തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിനിമാ നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി പറയുന്നതല്ല പാര്‍ട്ടി നിലപാട്, മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി നിലപാട് പറയുന്നത് പാര്‍ട്ടി അധ്യക്ഷനാണ്. ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, സുരേഷ് ഗോപിക്ക് മേല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിയന്ത്രണം ഇല്ലേയെന്ന ചോദ്യത്തിന് കാത്തിരുന്ന് കണ്ടോളൂ എന്നുമായിരുന്നു സുരേന്ദ്രന്റെ മറുപടി.














