
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടനും തൃശൂരിലെ എൻ ഡി എ സ്ഥാനാർഥിയുമായ സുരേഷ് ഗോപിക്ക് കോടതിയിൽ തിരിച്ചടി. പുതുച്ചേരി വാഹന രജിസ്ട്രേഷൻ കേസ് റദ്ദാക്കില്ലെന്ന് എറണാകുളം എ സി ജെ എം കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ഹർജികൾ തള്ളിക്കൊണ്ടാണ് എറണാകുളം എ സി ജെ എം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സുരേഷ് ഗോപി പുതുച്ചേരിയിലെ വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിച്ചു എന്നതാണ് കേസ്. 2010, 2016 വർഷങ്ങളിൽ രണ്ട് ആഡംബര കാറുകളാണ് ഇത്തരത്തിൽ സുരേഷ് ഗോപി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. എന്നാൽ കേസ് റദ്ദാക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. പുതുച്ചേരിയിലെ വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടെന്ന ക്രൈംബ്രാഞ്ച് കുറ്റപത്രമടക്കം ചൂണ്ടികാട്ടിയാണ് കോടതി ഹർജി തള്ളിയത്. കേസിന്‍റെ വിചാരണ നടപടികൾ മെയ് 28 ന് ആരംഭിക്കുമെന്നും കോടതി വ്യക്തമാക്കി.
Suresh Gopi Puducherry vehicle registration case will not be cancelled











