
തൃശ്ശൂർ: കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തൃശ്ശൂർ ലൂർദ് പള്ളിയിലെത്തി മാതാവിന് കൊന്തമാല സമർപ്പിച്ച് സുരേഷ് ഗോപി. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിൽ എത്തിയത്.
പാർട്ടി പ്രവർത്തകരുടെയും, പള്ളിയിലെ മുഴുവൻ ആളുകളുടെയും സാന്നിധ്യത്തിലായിരുന്നു കൊന്ത അണിയിച്ചത്. മാതാവിനു നന്ദി പറഞ്ഞ് സുരേഷ് ഗോപി ആലപിച്ചത് അദ്ദേഹം തന്നെ പാടിയ ക്രിസ്തീയ ഭക്തി ഗാനമായിരുന്നു. ‘നന്ദിയാൽ പാടുന്നു ദൈവമേ’ എന്ന ഗാനമാണ്, ലൂർദ് പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധനാ കേന്ദ്രത്തിൽ വച്ച് സുരേഷ് ഗോപി പാടിയത്. മാർച്ചിൽ, സുരേഷ് ഗോപി തന്നെ പാടി യുട്യൂബിൽ റിലീസായ ഗാനമാണ് ഇത്.
കേന്ദ്ര സഹമന്ത്രിയായി അധികാരമേറ്റ് മണ്ഡലത്തിൽ എത്തുന്ന സുരേഷ് ഗോപിക്ക് ജില്ലയിലെ വിവിധയിടങ്ങളിൽ സ്വീകരണ പരിപാടികളും പൊതുയോഗങ്ങളും ഒരുക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ലൂർദ് പള്ളിയിലെ മാതാവിന് കിരീടം ധരിപ്പിച്ചത് വലിയരീതിയിൽ ചർച്ചയായിരുന്നു. മകൾ ഭാഗ്യയുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന നേര്‍ച്ചയുടെ ഭാഗമായാണ് അദ്ദേഹം സ്വര്‍ണ്ണക്കിരീടം സമര്‍പ്പിച്ചത്. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ താഴെ വീണ് മുകള്‍ ഭാഗം വേര്‍പ്പെട്ടിരുന്നു. സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സാമൂഹമാധ്യമങ്ങളിൽ ഉയർന്നത്.