
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടിയും നര്‍ത്തകിയുമായ ശോഭന സ്ഥാനാര്‍ഥിയാകണമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് ശോഭനയെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് താനും കേന്ദ്രനേതൃത്വവും അവരുമായി സംസാരിച്ചു. തിരുവനന്തപുരത്ത് ശോഭന മല്‍സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ്ഗോപി പറഞ്ഞു.
ശോഭന തിരുവനന്തപുരത്ത് ബിജെപിക്കു വേണ്ടി മത്സരിക്കുമെന്ന് വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ അവരുമായി അടുത്തവൃത്തങ്ങൾ ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു. എല്ലാം ശുദ്ധ അസംബന്ധമാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പോലും നടന്നിട്ടില്ലെന്നുമായിരുന്നു ശോഭനയോട് അടുത്തവൃത്തങ്ങൾ പ്രതികരിച്ചത്.
തൃശൂരില്‍ നടന്ന ബിജെപിയുടെ വനിതാ സംഗമത്തില്‍ ശോഭന പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശോഭന സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം ചര്‍ച്ചയാക്കിയത്.
കേരള സര്‍ക്കാരിന് കീഴിലെ കേരളീയം പരിപാടിയുടെ അംബാസിഡറായ ശോഭന ബിജെപിയുടെ വേദിയില്‍ എത്തുകയും മോദിയുടെ സ്ത്രീ ശാക്തീകരണ പദ്ധതികളെ പുകഴ്ത്തുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭന മത്സരിക്കുമെന്ന വാര്‍ത്ത പ്രചരിച്ചത്.