സഹമന്ത്രിയില്‍ ഒതുക്കി? കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ സുരേഷ് ഗോപി, സിനിമാ തിരക്കെന്ന് വിശദീകരണം

തിരുവനന്തപുരം: കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇന്നലെ സത്യ പ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി. സിനിമാ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനവും തിരക്കുകളും പൂര്‍ത്തിയാക്കാനുള്ള സിനിമകളെ ബാധിക്കുമെന്നാണ് തൃശൂരില്‍ നിന്നും മിന്നുന്ന വിജയം നേടിയ ബിജെപി നേതാവ് സുരേഷ് ഗോപി പറയുന്നത്.

എംപി എന്ന നിലയില്‍ തൃശൂരില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇനി അവര്‍ തീരുമാനിക്കട്ടെയെന്നമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാല്‍, സുരേഷ് ഗോപിയുടെതീരുമാനത്തിനു പിന്നില്‍ കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതാണെന്നും സൂചനയുണ്ട്.

കുറച്ച് സിനിമകള്‍ ചെയ്യാനുണ്ടെന്നും കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്നും ബിജെപി കേന്ദ്രനേതൃത്വത്തെ സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയാകാന്‍ ബി.ജെ.പി നേതൃത്വം സമ്മര്‍ദം ചെലുത്തുകയായിരുന്നു. മോദി നേരിട്ട് വിളിച്ച് ഡല്‍ഹിയില്‍ എത്തണമെന്നും സത്യ പ്രതിജ്ഞ ചെയ്യണമെന്നും നിര്‍ബന്ധിച്ചതിനാലാണ് താന്‍ പോയതെന്നും സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു.

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നത്. ഇത് ദേശീയലത്തിലടക്കം വലിയ ചര്‍ച്ചയാകുകയും സുരേഷ് ഗോപിയുടെ മന്ത്രിപദവിയില്‍ ഉറച്ച ചര്‍ച്ചകള്‍ നടക്കുകയും ചെയ്തു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന് വിലയിരുത്തപ്പെട്ടു. സുരേഷ് ഗോപിയും കേന്ദ്രമന്ത്രിസ്ഥാനം ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചത് സ്വതന്ത്ര ചുമതലയില്ലാത്ത സഹമന്ത്രി സ്ഥാനം മാത്രമായിരുന്നു. ഇതാണ് സുരേഷ് ഗോപിയെ നിരാശനാക്കിയതെന്നാണ് വിലയിരുത്തല്‍. കേരളത്തിന് എയിംസ് കൊണ്ടുവരുമെന്നതടക്കം തന്റെ പദ്ധതികള്‍ വെളിപ്പെടുത്തി പ്രതികരണം നടത്തുകയും ചെയ്തിരുന്നു സുരേഷ് ഗോപി.

More Stories from this section

family-dental
witywide