നവീന്‍ ബാബുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ സുരേഷ് ഗോപി എത്തി, ‘കഴിഞ്ഞ 25 വര്‍ഷത്തെ പെട്രോൾ പമ്പ് എന്‍ഒസികള്‍ പരിശോധിക്കണം’

പത്തനംതിട്ട: കേരളത്തിലെ 25 വര്‍ഷത്തെ പെട്രോള്‍ പമ്പ് എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിവാദ എന്‍ഒസിയില്‍ അന്വേഷണം നടക്കുകയാണ്. പത്തനംതിട്ട മലയാലപ്പുഴയില്‍ അന്തരിച്ച എഡിഎം നവീന്‍ബാബുവിന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഒഫീഷ്യലായ കാര്യങ്ങള്‍ ആദ്യത്തെ ദിവസം തന്നെ നീക്കിത്തുടങ്ങിയിട്ടുണ്ട്. അതിന്റെ പരിണിതഫലം രണ്ടു മൂന്നു ദിവസത്തിനുള്ളില്‍, അല്ലെങ്കില്‍ ഒരാഴ്ചയ്ക്കുള്ളിലുണ്ടാകും. അതേക്കുറിച്ച് മാധ്യമങ്ങളോട് പറയാനാവില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഈ വിഷയത്തില്‍ മാസ് പെറ്റീഷന്‍ നല്‍കിയിരുന്നോ എന്നത് തനിക്ക് അറിയില്ല. തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പരിശോധിക്കാം. പെട്രോളിയം മിനിസ്ട്രിയുടെ ഒരു പോളിസിയുണ്ട്. അത് ലംഘിച്ച് എന്തു നടപടിയുണ്ടായാലും, അതില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കര്‍ശനമായ നടപടിയുണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘നവീന്റെ കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്തിയത്. അവര്‍ ഒന്നും ഇങ്ങോട്ട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ വരവ് ആശ്വാസമായി എന്നാണ് പറഞ്ഞത്. നവീന്‍ബാബുവിന്റെ മരണത്തില്‍, നിങ്ങളെല്ലാം സംശയിക്കുന്നപോലെ ഞാനും സംശയിക്കുന്നു. കോടതിക്ക് ഇതില്‍ ഫൈനല്‍ സേയുണ്ട്. കോടതി അത് ഉചിതമായി പറയുമെന്നാണ് വിചാരിക്കുന്നത്’. സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Also Read

More Stories from this section

family-dental
witywide