വീടെന്ന സ്വപ്നം ബാക്കിയാക്കി ബിനോയ് പോയി; പുതിയ വീട് നിർമിച്ചു നൽകുമെന്ന് മന്ത്രി സുരേഷ് ഗോപി

ചാവക്കാട്: കുവൈത്തിലെ മാം​ഗഫിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി തോപ്പിൽ വീട്ടിൽ ബിനോയ് തോമസി(44)ന്റെ കുടുംബത്തിന് സ്വന്തംനിലയിൽ വീടു നിർമിച്ചുനൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെള്ളിയാഴ്ച രാവിലെ ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോടും സുഹൃത്തുക്കളോടുമാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലികമായി പണിത ഒരു ഷെഡ്ഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്. വാടക വീട്ടിലായിരുന്ന കുടുംബം അടുത്തിടെയാണ് താത്കാലികമായി ഒരു ഷെഡ്ഡ് പണിത് അങ്ങോട്ടേക്ക് താമസം മാറ്റിയത്. സ്വന്തമായി ഒരു വീട് പണിയണമെന്ന ആഗ്രഹം സഫലീകരിക്കാനാണ് ഒരാഴ്ച മുൻപ് ബിനോയ് കുവൈത്തിലേക്കു പോയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുൻപേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും സുരേഷ് ഗോപി സന്ദർശനം നടത്തിയിരുന്നു. അഞ്ചുവയസ്സുകാരനായ മകൻ ഇയാനെയും വീട്ടുകാരെയും ആശ്വസിപ്പിച്ചും മൃതദേഹത്തിൽ അന്ത്യോപചാരമർപ്പിച്ചുമാണ് കേന്ദ്രമന്ത്രി മടങ്ങിയത്.

More Stories from this section

family-dental
witywide