ചിങ്ങവനം സ്റ്റേഷനില്‍ പൊലീസുകാര്‍ തമ്മില്‍ അടി…അടിയോടടി… ഒടുവില്‍ സസ്‌പെന്‍ഷന്‍

കോട്ടയം: ക്രമസമാധാന പാലകരായ പൊലീസുകാരുടെ തമ്മിലടിയില്‍പ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ നടപടി. രണ്ട് പൊലീസുകാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുധീഷ് കുമാര്‍, ജോണ്‍ ബോസ്‌കോ എന്നിവര്‍ക്കെതിരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നടപടി എത്തിയത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു നടപടിക്ക് ആസ്പദമായ സംഭവമുണ്ടായത്. പൊലീസ് സ്റ്റേഷനുള്ളില്‍ വച്ച് രണ്ട് പോലീസുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സംഘര്‍ഷത്തിലേക്ക് നയിച്ചത്. വഴക്കിനിടെയില്‍ പോലീസുകാരനായ ബോസ്‌കോയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ഇയാള്‍ കുറിച്ചി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. മുമ്പും പലതവണ ഇരുവരും തമ്മില്‍ സ്റ്റേഷനില്‍ വച്ച് തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

ചങ്ങനാശ്ശേരി ഡി.വൈ എസ് പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്.