
ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷി യോഗത്തിന് ശേഷം ചൊവ്വാഴ്ചയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിന് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ 13ന് പാര്‍ലമെന്റില്‍ നടന്ന സുരക്ഷാ വീഴ്ചയെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സഭയില്‍ ബഹളമുണ്ടായത്.
‘എല്ലാ സസ്പെന്‍ഷനുകളും പിന്‍വലിക്കും. ലോക്സഭാ സ്പീക്കറുമായും രാജ്യസഭാ ചെയര്‍മാനുമായും ഞാന്‍ സംസാരിച്ചു. ഇത് സ്പീക്കറുടെയും ചെയര്‍മാന്റെയും അധികാരപരിധിയില്‍ വരുന്നതാണ്. അതിനാല്‍, ബന്ധപ്പെട്ട പ്രിവിലേജ്ഡ് കമ്മിറ്റികളുമായി ആശയവിനിമയം നടത്താനും സസ്പെന്‍ഷന്‍ പിന്‍വലിക്കാനും അവര്‍ക്ക് സഭയിലേക്ക് മടങ്ങാന്‍ അവസരം നല്‍കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇരുവരും സമ്മതിച്ചു- കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍ നാളെ മുതല്‍ സഭയിലേക്ക് മടങ്ങുമോയെന്ന ചോദ്യത്തിനോട് അതെ എന്നും അദ്ദേഹം പ്രതികരിച്ചു