
ഭോപ്പാല്‍: മധ്യപ്രദേശിലെ ഗുണയില്‍ ഒരു വിവാഹ ചടങ്ങിനിടെ പറന്നെത്തിയ തേനീച്ചകള്‍ നിരവധി പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ചടങ്ങിലെത്തിയ 12ലധികം പേര്‍ക്കാണ് തേനീച്ചകളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അടിയന്തര വൈദ്യ സഹായത്തിനായി എല്ലാവരേയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചിലരുടെ നില ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റിയിട്ടുണ്ട്.
ഗുണ ജില്ലയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിത തേനീച്ച ആക്രമണമുണ്ടായത്. തേനീച്ചകള്‍ പാഞ്ഞെത്തിയതോടെ അതിഥികള്‍ ചിതറിയോടുകയും പലരും മുഖം തറിയിലേക്ക് തിരിച്ച് കമഴ്ന്ന് കിടക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ആക്രമണങ്ങളുണ്ടായാല്‍ ഹോട്ടല്‍ പാലിക്കേണ്ട കാര്യങ്ങള്‍ കൃത്യമായി നടന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, ഈ സംഭവം പൊതുവേദികളിലെ, പ്രത്യേകിച്ച് വന്യജീവികള്‍ക്ക് കടന്നെത്താന്‍ കഴിയുന്ന ഇടങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും പ്രസക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.















