
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും അദ്ദേഹത്തിന്റെ പഴ്സണൽ സ്റ്റാഫിനുമെതിരെ പരാതിയുമായി എഎപി എംപി സ്വാതി മലിവാൾ. കെജ്രിവാളിന്റെ പിഎ വൈഭവ് തന്നെ ആക്രമിച്ചു എന്ന് പരാതിയുമായി സ്വാതി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ടുതവണ വിളിയെത്തി. എന്നാൽ രേഖമൂലം പരാതി ലഭിച്ചിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം പരാതിയുമായി വിളിച്ചത് സ്വാതി മലിവാൾ തന്നെയാണോ എന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. എഎപി നേതാവ് സ്വാതി മലിവാൾ എന്നാണ് ഫോൺ വിളിച്ചയാൾ അവകാശപ്പെട്ടത്. ആക്രമണത്തിന് ഇരയായതിന് ശേഷം എമർജൻസി സർവീസിലേക്ക് വിളിച്ചതായാണ് റിപ്പോർട്ട്. രാവിലെ 9.30ഓടെയാണ് ആദ്യ കോൾ വന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ സഹായി വൈഭവ് കുമാറാണ് തന്നെ ആക്രമിച്ചതെന്ന് വിളിച്ചയാൾ അവകാശപ്പെട്ടു.
എന്നാൽ, പോലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും സ്വാതി മലിവാളിനെ കണ്ടെത്താനായില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രോട്ടോക്കോൾ പ്രകാരം മുൻകൂർ അനുമതിയില്ലാതെ ഡൽഹി പൊലീസിന് മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രവേശിക്കാനാകില്ല. അതേസയമം, സംഭവത്തിൽ പ്രതികരിക്കാൻ സ്വാതി മലിവാൾ തയ്യാറായിട്ടില്ല.