
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ്ര കെജ്രിവാളിന്റെ പിഎ വൈഭവ് കുമാറിനെതിരെ ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാൾ നൽകിയ പരാതിൽ ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഗുരുതര ആരോപണങ്ങൾ. ഇയാൾ സ്വാതിയുടെ വയറ്റിലും നെഞ്ചിലും ചവിട്ടുകയും ഏഴോ എട്ടോ തവണ അടിക്കുകയും ചെയ്തെന്ന് എഫ്ഐആറിൽ പറയുന്നു.
തിങ്കളാഴ്ച രാവിലെ കെജ്‌രിവാളിൻ്റെ ഔദ്യോഗിക വസതിയിലെ ഡ്രോയിംഗ് റൂമിൽ വെച്ച് വൈഭവ് കുമാർ തന്നെ ആക്രമിച്ചെന്നും ആ സമയത്ത് മുഖ്യമന്ത്രി വീട്ടിൽ ഉണ്ടായിരുന്നെന്നും മലിവാൾ പരാതിയിൽ പറയുന്നു.
“വൈഭവ് വന്ന് അധിക്ഷേപിക്കാൻ തുടങ്ങി, ഒരു പ്രകോപനവുമില്ലാതെ അടിക്കുകയായിരുന്നു,” മിസ് മലിവാൾ തൻ്റെ പരാതിയിൽ പറയുന്നു. ‘ഞാൻ പോകട്ടെ’ എന്ന് ഞാൻ ബഹളം വെച്ചു, പക്ഷേ അയാൾ എന്നെ തുടർച്ചയായി മർദിക്കുകയും ഹിന്ദിയിൽ അസഭ്യം പറയുകയും ചെയ്തു. ‘നമുക്ക് കാണാം, ഞങ്ങൾ കൈകാര്യം ചെയ്യാം’ എന്ന് ഭീഷണിപ്പെടുത്തി. എനിക്ക് ആർത്തവമാണെന്നും വേദനയുണ്ടെന്നും ഞാൻ പറഞ്ഞു. എന്നെ വെറുതെ വിടാൻ ഞാൻ അപേക്ഷിച്ചു.”
“ഞാൻ തികച്ചും ഞെട്ടിപ്പോയി, സഹായത്തിനായി വീണ്ടും വീണ്ടും നിലവിളിച്ചു. സ്വയം സംരക്ഷിക്കാൻ, ഞാൻ അയാളുടെ എൻ്റെ കാലുകൾ കൊണ്ട് തള്ളിമാറ്റി. ആ സമയത്ത്, അയാൾ എൻ്റെ മേൽ ആഞ്ഞടിച്ചു. നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും കാലുകൾകൊണ്ട് ചവിട്ടി,” എഫ്ഐആറിൽ പറയുന്നു.
വീട്ടിൽ നിന്ന് ഇറങ്ങിയോടിയ താൻ പോലീസിനെ വിളിക്കുകയായിരുന്നു എന്നും മലിവാൾ പരാതിയിൽ കൂട്ടിച്ചേർത്തു. എ.സി.പി പി.എസ്.കുഷ്വാഹയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിന്റെ രണ്ടംഗസംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭൈഭവിനെതിരെ കേസെടുത്തത്. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മെഡിക്കൽ പരിശോധനയ്ക്കായി സ്വാതി മലിവാൾ കഴിഞ്ഞദിവസം രാത്രി ഡൽഹി എയിംസിൽ പോയിരുന്നു.