ഖുർആനെ അവഹേളിച്ച ഇറാഖി അഭയാർത്ഥിയെ നാടുകടത്താൻ സ്വീഡൻ

സ്റ്റോക്ക്ഹോം: വിവിധ അവസരങ്ങളിൽ ഖുർആനെ അവഹേളിച്ചുവെന്നാരോപിച്ച് ഇറാഖി അഭയാർത്ഥിയെ നാടുകടത്താൻ ഉത്തരവിട്ടു സ്വീഡനിലെ മൈഗ്രേഷൻ കോടതി.

2023-ൽ, 37-കാരനായ സൽവാൻ മോമിക, മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ എംബസികൾക്കും സ്വീഡനിലെ പള്ളികൾക്കും മുന്നിൽ ഖുറാൻ്റെ നിരവധി പകർപ്പുകൾ കത്തിച്ചിരുന്നു.

കഴിഞ്ഞ വർഷം മോമിക സമർപ്പിച്ച അപ്പീൽ മൈഗ്രേഷൻ കോടതി നിരസിക്കുകയും അദ്ദേഹത്തെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള മൈഗ്രേഷൻ ഏജൻസിയുടെ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതായി സ്വീഡിഷ് റേഡിയോ സ്റ്റേഷൻ എകോട്ട് റിപ്പോർട്ട് ചെയ്തു.

റസിഡൻസ് പെർമിറ്റ് അപേക്ഷയിൽ മോമിക തെറ്റായ വിവരങ്ങൾ നൽകിയെന്ന് കോടതി നിരീക്ഷിച്ചു. ഇത് അദ്ദേഹത്തെ നാടുകടത്താനുള്ള ഉത്തരവിലേക്ക് നയിച്ചതായി അനഡോലു ഏജൻസി (എഎ) റിപ്പോർട്ട് ചെയ്തു.

2023 ഒക്ടോബർ 26 ന്, മൈഗ്രേഷൻ ഏജൻസി ഇയാളെ നാടുകടത്താൻ തീരുമാനിച്ചെങ്കിലും ഇറാഖിലെ പീഡനത്തെയും മനുഷ്യത്വരഹിതമായ പെരുമാറ്റത്തെയും കുറിച്ചുള്ള ആശങ്കകൾ കാരണം ഉത്തരവ് നടപ്പിലാക്കാൻ കഴിഞ്ഞില്ല. എങ്കിലും, അദ്ദേഹത്തിന് താൽക്കാലിക താമസാനുമതി ലഭിച്ചു.

ഗുരുതര കുറ്റകൃത്യത്തിൽ സൽവാൻ മോമിക പങ്കാളിയാണെന്ന് കണ്ടെത്തിയ കോടതി, നാടുകടത്തലിനു പുറമേ അഞ്ച് വർഷത്തേക്ക് സ്വീഡനിലേക്ക് മടങ്ങുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്. 2023 ജൂൺ 28 മുതൽ സ്വീഡനിൽ ഖുർആനെ അവഹേളിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇത് വിവിധ രാജ്യങ്ങളുടെ പ്രതിഷേധത്തിനിടയാക്കുകയും സ്വീഡൻ അംബാസഡർമാരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide