ബട്ടണ്‍ അമര്‍ത്തിയാല്‍ മരിക്കാം, പോര്‍ട്ടബിള്‍ സൂയിസൈഡ് പോഡുകള്‍ വൈകാതെ ഉപയോഗിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ്

ധൈര്യശാലിയെന്ന് എത്ര വീരവാദം മുഴക്കിയാലും മരണത്തെ മുഖാമുഖം കാണുന്നത് ഉള്ളിലുള്ള ഭയത്തെ പുറത്തുകൊണ്ടുവരും. അത്ര ഭയപ്പാടാണ് ജീവന്‍ വെടിയുന്ന മരണയാത്ര. എന്നാല്‍ മരണം കുറച്ച് ‘എളുപ്പമാക്കാന്‍’ സ്വിറ്റസര്‍ലന്‍ഡില്‍ ആദ്യമായി ഒരു പോര്‍ട്ടബിള്‍ സൂയിസൈഡ് മെഷീന്‍ ഉപയോഗിക്കാനൊരുങ്ങുന്നു. മെഷീന്‍ പുറത്തിറക്കിയിട്ട് കുറച്ച് വര്‍ഷങ്ങളായെങ്കിലും ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ല, അധികം വൈകാതെ യന്ത്രം ഉപയോഗിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോക്ടര്‍മാരുടെ മേല്‍നോട്ടമില്ലാതെ മരിക്കാന്‍ സഹായിക്കും ഇതെന്നാണ് തയ്യാറാക്കിയവരുടെ വാദം. 2019 ല്‍ ആദ്യമായി പുറത്തെത്തിയ ഈ മെഷീന്‍ ശവപ്പെട്ടിപോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മരിക്കാന്‍ തയ്യാറായി യന്ത്രത്തിലെത്തുന്ന ആള്‍ക്ക് മരണം എളുപ്പമാക്കാന്‍, ഓക്‌സിജന്റെ അളവ് കുറക്കുകയും അതുവഴി മരണത്തിന് കാരണമാകുകയും ചെയ്യും. ഇത് ഉപയോഗിക്കാന്‍ 20 ഡോളറാണ് ചിലവ്.

മെഷീനില്‍ കയറും മുന്നേ ആ വ്യക്തിയോട് മൂന്നു ചോദ്യങ്ങള്‍ ചോദിക്കും. ‘നിങ്ങള്‍ ആരാണ്?’, ??’നിങ്ങള്‍ എവിടെയാണ്?’ കൂടാതെ ‘ബട്ടണ്‍ അമര്‍ത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയാമോ?’ അവര്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍, സോഫ്റ്റ്വെയര്‍ പവര്‍ ഓണാക്കും. അങ്ങനെ അവര്‍ക്കു തന്നെ ബട്ടണ്‍ അമര്‍ത്താനാകും. അതോടെ, വളരെ വേഗം മരിക്കും. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ മെഷീനിന്റെ ഉപയോഗത്തിന് നിയമപരമായ തടസ്സങ്ങളില്ല. കാരണം അവിടെ ആത്മഹത്യ നിയമവിധേയമാണ്.

സ്വമേധയാ ദയാവധത്തിനും ആത്മഹത്യയെ സഹായിക്കുന്നതിനും വേണ്ടി വാദിച്ച ഡോ നിറ്റ്ഷ്‌കെയുടെ നേതൃത്വത്തിലുള്ള ലാഭരഹിത സ്ഥാപനമായ എക്സിറ്റ് ഇന്റര്‍നാഷണലാണ് ഈ പോഡുകള്‍ വികസിപ്പിച്ചത്.

ഒരിക്കല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ 30 സെക്കന്‍ഡിനുള്ളില്‍ വായുവിലെ ഓക്‌സിജന്റെ അളവ് 21 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായി കുറയും. അതോടെ ബോധം നഷ്ടപ്പെടാന്‍ തുടങ്ങും. പിന്നീട് പതിയെ മരണത്തിലേക്ക്. ഇത്തരത്തിലാണ് മെഷീനിന്റെ രൂപ കല്‍പന.

മെഷീനിലെ ഓക്സിജന്റെ അളവ്, വ്യക്തിയുടെ ഹൃദയമിടിപ്പ്, രക്തത്തിന്റെ ഓക്സിജന്‍ സാച്ചുറേഷന്‍ എന്നിവ നിരീക്ഷാനും സംവിധാനമുണ്ട്. എന്നാല്‍, ഒരിക്കല്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ മരിക്കണ്ട എന്നു തോന്നിയാല്‍ പോലും രക്ഷയില്ലെന്നും മരണം ഉറപ്പാണെന്നും മെഷീന്‍ വികസിപ്പിച്ച നിഷ്‌കെ പറയുന്നു. മെഷീന്‍ ഉപയോഗിച്ച് ആദ്യമായി മരിക്കുന്നത് ആരാണെന്നോ എന്നാണെന്നോ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.