നാളെ മുതല്‍ ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിക്കണം; പുതിയ സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ

കൊച്ചി: ഞായറാഴ്ചകളിലും പ്രധാന ദിവസങ്ങളിലും ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിച്ചാല്‍ ജനാഭിമുഖ കുര്‍ബാന തുടരാമെന്ന് പുതിയ സര്‍ക്കുലറുമായി സിറോ മലബാര്‍ സഭ. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്‌കോ പുത്തൂരും ചേര്‍ന്നാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

നാളെ മുതല്‍ ഏകീകൃത കുര്‍ബാന നടപ്പാക്കിയില്ലെങ്കില്‍ വൈദികരെ പുറത്താക്കുമെന്നായിരു ആദ്യം പുറത്തിറക്കിയ സര്‍ക്കുലര്‍. എന്നാല്‍, താല്‍കാലിക സമവായമെന്ന നിലയ്ക്കാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. നാളെ മുതല്‍ ഒരു ഏകീകൃത കുര്‍ബാനയെങ്കിലും അര്‍പ്പിക്കണമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അതേസമയം, ഏകീകൃത കുര്‍ബാന ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പറയുന്നു.

ഏകീകൃത കുര്‍ബാന നടപ്പാക്കാത്തതില്‍ മാര്‍പാപ്പ വേദനിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര സഭയാകാം എന്ന വ്യാജ പ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. സര്‍ക്കുലര്‍ അംഗീകരിക്കാനാണ് വിമത വൈദികരുടെയും അല്‍മായ മുന്നേറ്റത്തിന്റെയും തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്.