ടിപി വധക്കേസ്; മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം

കണ്ണൂർ: കേരള ഹൈക്കോടതിയുടെ വിധി മറികടന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ വിട്ടയയ്ക്കാൻ സംസ്ഥാന നർക്കാരിന്റെ നീക്കം. ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത് എന്നിവർക്കു ശിക്ഷായിളവു നൽകാനാണ് ശ്രമം. ശിക്ഷായിളവ് സംബന്ധിച്ചു പൊലീസിനോട് പ്രതികളുടെ റിപ്പോർട്ടാവശ്യപ്പെടുന്ന കണ്ണൂർ ജയിൽ സൂപ്രണ്ടിന്റെ കത്ത് പുറത്തായി. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെയാണു ജയിൽ സൂപ്രണ്ടിന്റെ നടപടി.

ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടില്‍ നിന്നും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നും നിർദേശമുണ്ട്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിലെ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് ഹെെക്കോടതി ശരിവെച്ചത്. പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, സിപിഐഎം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍, റഫീഖ് എന്നിവരുടെ ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ പ്രദീപന് 3 വര്‍ഷം കഠിന തടവുമാണ് 2014 ല്‍ വിചാരണക്കോടതി വിധിച്ചത്. പി കെ കുഞ്ഞനന്തന്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ മരിച്ചു.

More Stories from this section

family-dental
witywide