
ബീജിങ് / വാഷിങ്ടൺ: വെടിയേറ്റ് നിമിഷങ്ങൾക്കുശേഷം തന്നെ വായുവിലേക്ക് മുഷ്ടി ചുരുട്ടി നിൽക്കുന്ന യുഎസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിന്‍റെ ചിത്രം പ്രിന്‍റ് ചെയ്ത ടീ ഷർട്ടുകളുടെ വിൽപന തടഞ്ഞ് ചൈന. ചൈനയിലെ എല്ലാ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നും ഇവ നീക്കം ചെയ്തു.
വെടിവയ്പ്പ് നടന്ന് മണിക്കൂറുകൾക്കകം വിൽപ്പനയ്ക്കെത്തിയ ടീ ഷർട്ടുകൾ താവോബാവോ, ജെഡി ഡോട്ട് കോം തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റുകളിൽ ലഭ്യമായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് ഇവ നീക്കം ചെയ്‌തതെന്ന് വ്യക്തമല്ല. 39 യുവാൻ (500 രൂപയോളം) ആയിരുന്നു വിലയിട്ടത്.
എന്നാൽ ഈ ടീഷർട്ടുകളുടെ വിൽപ്പന അമേരിക്കയിൽ തകൃതിയായി നടക്കുകയാണ്. അമേരിക്കയിൽ നിന്നടക്കം ആയിരക്കണക്കിന് ഓർഡറുകളാണ് ചൈനയിലെ റീട്ടെയിലർമാർക്ക് ലഭിച്ചത്. പല കാരണങ്ങളാൽ വർഷങ്ങളായി ചൈനയിലെ സൈബറിടങ്ങളിൽ ശ്രദ്ധാകേന്ദ്രമാണ് ട്രംപ്.
ശനിയാഴ്ച പെൻസൽവേനിയയിലെ ബട്ലറിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു ട്രംപിന് വെടിയേറ്റത്. 150 മീറ്റർ അകലെയുള്ള കെട്ടിടത്തിന് മുകളിൽനിന്നാണ് അക്രമി ട്രംപിനുനേരെ വെടിയുതിർത്തത്. വലതുചെവിയുടെ മുകൾഭാഗം മുറിച്ച് വെടിയുണ്ട കടന്നുപോയി. ട്രംപിന്‍റെ പ്രസംഗം കേൾക്കാനെത്തിയ ഒരാളും വെടിവെപ്പിൽ കൊല്ലപ്പെട്ടു. മറ്റ് രണ്ടുപേർക്ക് ഗുരുതര പരുക്കേറ്റു.