
ന്യൂയോര്‍ക്ക്: അമേരിക്കൻ മണ്ണിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ടീം ഇന്ത്യ. 119 റൺസെന്ന താരതമ്യേന ചെറിയ സ്കോർ ജസ്പ്രീത് ബുംറയുടെ തീ തുപ്പുന്ന പന്തുകൾക്ക് മുന്നിൽ കൂറ്റൻ സ്കോറായപ്പോൾ രോഹിതും സംഘവും 6 റൺസിന്‍റെ വിജയമാണ് പിടിച്ചെടുത്തത്. 120 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സിൽ അവസാനിച്ചു. ആറ് റണ്‍സ് ജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോൾ രണ്ട് മത്സരങ്ങളും തോറ്റ പാകിസ്ഥാൻ പുറത്തേക്കുള്ള വാതിലിലാണ്. രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയില്‍ തലപ്പത്തെത്തിയിട്ടുണ്ട്.
നാല് ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ബുംറയും 4 ഓവറിൽ 24 റൺസിന് 2 വിക്കറ്റെടുത്ത ഹർദ്ദിക്ക പാണ്ഡ്യയുമാണ് പാകിസ്ഥാനെ പിടിച്ചുകെട്ടിയത്. ബുംറയാണ് കളിയിലെ താരം. 44 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത റിസ്വാനെ ബുംറ ബൗള്‍ഡാക്കിയതാണ് കളിയിലെ വഴിത്തിരിവായത്. റിസ്വാന് പുറമെ നായകൻ ബാബർ, ഉസ്മാൻ ഖാൻ, ഫഖർ സമാൻ എന്നിവർ 13 റൺസ് വീതവും ഇമാദ് വാസിം 15 റൺസ് നേടിയതുമാണ് പകിസ്ഥാന് ആകെ പ്രതീക്ഷ നൽകിയത്.
നേരത്തെ ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 119 റൺസിന് പുറത്തായിരുന്നു. 31 പന്തിൽ നിന്ന് 42 റൺസ് നേടി പുറത്തായ ഋഷഭ് പന്തും 18 ബോളിൽ നിന്ന് 20 റൺസ് നേടി പുറത്തായ അക്‌സർ പട്ടേലുമാണ് ഇന്ത്യക്കായി മികച്ച രീതിയിൽ ബാറ്റ് വീശിയത്. രോഹിത് ശർമ്മ 12 ബോളിൽ നിന്ന് 13 റൺസ് നേടി പുറത്തായപ്പോൾ കോലി 3 ബോൾ നേരിട്ട് ഒരു ഫോർ മാത്രമടിച്ച് പുറത്തായിരുന്നു.