സാൻഫ്രാൻസിസ്കോ: കഴിഞ്ഞ ദിവസം അമേരിക്കയിൽ അന്തരിച്ച ലോകപ്രശസ്ത തബലിസ്‌റ്റ് ഉസ്താദ് സാക്കിർ ഹുസൈന്‍റെ (73) സംസ്കാര ചടങ്ങുകൾ തീരുമാനിച്ചു. സംസ്കാരം വ്യാഴാഴ്ച സാൻഫ്രാൻസിസ്കോയിൽ നടക്കുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 10.30 നായിരിക്കും സംസ്‌കാരം. സംസ്കാരത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കുടുംബം വെളിപ്പെടുത്തിയിട്ടില്ല.
ഉയർന്ന രക്തസമ്മർദവും ഹൃദയസംബന്ധമായ അസുഖങ്ങളുംമൂലം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ തിങ്കളാഴ്‌ച പുലർച്ചെയായിരുന്നു സാക്കിർ ഹുസൈനിന്റെ മരണം. പ്രമുഖ തബല വാദകനായിരുന്ന ഉസ്താദ് അല്ലാരാഖയുടെ മൂത്ത മകനായി 1951 ൽ മുംബൈയിൽ ജനിച്ച സാക്കിർ, പിന്നീട് ലോകമറിയുന്ന കലാകാരനായി വളരുകയായിരുന്നു. അഞ്ചാം വയസ് മുതൽ അച്ഛനിൽ നിന്ന് സംഗീതാഭ്യാസം തുടങ്ങിയ സാക്കിർ ഹുസൈൻ 12 വയസ്സിനുള്ളിൽ രാജ്യത്ത് അങ്ങോളമിങ്ങോളം വേദികളിൽ താള വിസ്‌മയം തീർത്തിരുന്നു.
1988ൽ പത്മശ്രീയും 2002ൽ പത്മഭൂഷണും 2023ൽ പത്മ വിഭൂഷണും നൽകി രാജ്യം ആദരിച്ചു. രാജ്യത്ത് സംഗീതത്തിലെ പരമോന്നത ബഹുമതിയായ സംഗീതനാടക അക്കാദമി അവാർഡ് 1990ൽ ലഭിച്ചു. അഞ്ച് ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്. മൂന്നെണ്ണം ഈ വർഷമാണ്. സംഗീത പരിപാടികളുമായി ജനുവരിയിൽ ഇന്ത്യാ ടൂർ നടത്താനിരിക്കെയാണ് തികച്ചും ആകസ്മികമായുള്ള വിടവാങ്ങൽ. ഇന്ത്യയിലും വിദേശത്തുമായി നിരവധി സിനിമകൾക്കായി അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്. മോഹൻലാലിന് ദേശീയ പുരസ്കാരം ലഭിച്ച ‘വാനപ്രസ്ഥം’ എന്ന മലയാള സിനിമയുടെ സംഗീത സംവിധായകനും മറ്റാരുമായിരുന്നില്ല. കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. സംവിധായിക അനിസ ഖുറേഷി, നർത്തകി ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.














