
കാബൂള്‍: വീണ്ടും സ്ത്രീകള്‍ക്കായി പുതിയ വിചിത്ര നിയമങ്ങള്‍ കടുപ്പിച്ച് താലിബാന്‍. കെട്ടിടങ്ങളുടെ ജനാലകളിലൂടെ സ്ത്രീകളെ പുറത്തുകാണരുതെന്നും സ്ത്രീകളെ അയല്‍ക്കാര്‍ കാണാത്ത തരത്തില്‍ എല്ലാ വീടുകള്‍ക്കും മതില്‍ വേണമെന്നും ഉത്തരവില്‍ പറയുന്നു.
മാത്രമല്ല, സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിന്റെ പരിസരം അങ്ങനെ സ്ത്രീകള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കാണാന്‍ കഴിയുന്ന വിധത്തിലുള്ള ജനാലകള്‍ പുതിയ കെട്ടിടങ്ങളില്‍ പാടില്ലെന്നാണ് താലിബാന്റെ കല്പന. സ്ത്രീകള്‍ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറില്‍ നിന്ന് വെള്ളം കോരുന്നതും കാണുന്നത് അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നാണ് സര്‍ക്കാര്‍ വക്താവ് സബിഹുല്ല മുജാഹിദ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചത്.
സമീപത്തെ വീടുകള്‍ കാണാത്ത വിധമാണ് കെട്ടിടങ്ങളുടെ നിര്‍മാണമെന്ന് മുനിസിപ്പല്‍ അധികാരികളും ബന്ധപ്പെട്ട വകുപ്പുകളും ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ വീടുകള്‍ക്ക് ഇത്തരം ജാലകങ്ങള്‍ ഉണ്ടെങ്കില്‍ കാഴ്ച മറയും വിധം മതില്‍ പണിയണമെന്നും ഉത്തരവില്‍ പറയുന്നു. 2021 ഓഗസ്റ്റിലാണ് താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതു മുതല്‍, പൊതു ഇടങ്ങളില്‍ നിന്ന് സ്ത്രീകളെ അകറ്റിനിര്‍ത്തുകയാണ്.