
ചെന്നൈ: പുതുതായി രൂപവത്കരിച്ച തമിഴക വെട്രി കഴകത്തിന്‍റെ പതാക പർട്ടി അധ്യക്ഷനും നടനുമായ വിജയ് പുറത്തിറക്കി. ചെന്നൈ പനയൂരിലുള്ള പാർട്ടിയുടെ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പതാക അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയില്‍ രണ്ട് ആനയുമുണ്ട്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയര്‍ത്തുകയും ചെയ്തു. യൂട്യൂബിലൂടെ പതാക ഗാനം പുറത്തിറക്കിറക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഉടനീളമുള്ള പാര്‍ട്ടി ഭാരവാഹികളില്‍നിന്നും ഇതരസംസ്ഥാന നേതാക്കളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ മാത്രമാണ് പതാക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്ഥാപിക്കാനുള്ള പതാകകള്‍ ഭാരവാഹികള്‍ക്ക് കൈമാറും.
“എല്ലാവരും നമ്മുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. വൈകാതെ തീയതി പ്രഖ്യാപിക്കും. അതിന് മുമ്പ്, ഞാൻ ഇന്ന് നമ്മുടെ പാർട്ടിയുടെ പതാക അവതരിപ്പിക്കുകയാണ്. തമിഴ്‌നാടിന്‍റെ വികസനത്തിനായി നാം ഒരുമിച്ച് പ്രവർത്തിക്കും. ഇനി മുതൽ തമിഴ്‌നാട് മികച്ചതായിരിക്കും. വിജയം സുനിശ്ചിതമാണ്,” വിജയ് പറഞ്ഞു.
ഈ വർഷം ഫെബ്രുവരിയിലാണ്, വിജയ് തമിഴക വെട്രി കഴകം ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തത്. തമിഴ്‌നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം തൂത്തുവാരിയ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടി ഒരു രാഷ്ട്രീയ സംഘത്തെയും പിന്തുണച്ചില്ല.
അടുത്തമാസം പൊതുസമ്മേളനം നടത്തി സജീവ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്ന വിജയ് ഇതിന് മുന്നോടിയായാണ് പാര്‍ട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്. പതാക പാര്‍ട്ടിയുടെയും തമിഴ്‌നാടിന്റെയും അടയാളമായി മാറുമെന്ന് കഴിഞ്ഞദിവസം വിജയ് അവകാശപ്പെട്ടിരുന്നു.