
ചെന്നൈ: തമിഴനാട്ടിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള വമ്പൻ പ്ലാനുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അമേരിക്ക സന്ദർശിക്കാൻ ഒരുങ്ങുന്നു. ഓഗസ്റ്റ് അവസാനവാരമാകും സ്റ്റാലിൻ അമേരിക്കയിലേക്ക് യാത്ര തിരിക്കുകയെന്നാണ് വിവരം.
യു എസിലെ വ്യവസായ പ്രമുഖരുമായും വ്യവസായ സംഘടനകളുമായും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിരവധി കൂടിക്കാഴ്ചകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. യു എസ് സന്ദർശനത്തിന് മുന്നോടിയായി മകൻ ഉദയനിധിയെ ഉപ മുഖ്യമന്ത്രിയാക്കി സ്റ്റാലിൻ, മുഖ്യമന്ത്രിയുടെ ഓഫിസിന്റെയടക്കം ചുമതല കൈമാറും എന്നും അഭ്യുഹങ്ങൾ ശക്തമായിട്ടുണ്ട്.
ഓഗസ്റ്റ് 22 ന് ചെന്നൈയിൽ നിന്ന് ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ പുറപ്പെട്ട് മൂന്നാഴ്ചയ്ക്ക് ശേഷം മാത്രമാകും സ്റ്റാലിൻ മടങ്ങിയെത്തുക. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം ഇത്രയും നീളും എന്നതിനാൽ ആണ് ഭരണ ചുമതല കൈമാറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹം വീണ്ടും ശക്തമായത്. ഉദയനിധിയെ ഉപ മുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെയും വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും ഡി എം കെ അത് നിഷേധിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് മാത്രമല്ല മന്ത്രിസഭാ പുനഃസംഘടനയടക്കം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചില പുതിയ മന്ത്രിമാരെ ക്യാബിനറ്റിൽ ഉൾപ്പെടുത്തുകയും ചിലരെ ഒഴിവാക്കുകയും ചെയ്യുമെന്ന് മാത്രമല്ല, വകുപ്പുകൾ മാറ്റാനും സാധ്യതയുണ്ടെന്നും സൂചനയുണ്ട്. സംസ്ഥാന സർക്കാർ അടുത്തിടെ ഉന്നത ബ്യൂറോക്രസിയിലും പോലീസ് ഡിപ്പാർട്ട്‌മെൻ്റിലും വ്യാപകമായ മാറ്റങ്ങൾ വരുത്തിയതോടെ മന്ത്രാലയത്തിലും മാറ്റങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് ഇപ്പോൾ അഭ്യഹം ശക്തമായത്.