
ചെന്നൈ: തമിഴ്നാട്ടിൽ കേന്ദ്ര പദ്ധതികൾ ഡി എം കെ മുടക്കിയെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തോട് പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനമഴിച്ചുവിട്ട സ്റ്റാലിൻ, ഡി എം കെ മുടക്കിയ കേന്ദ്രപദ്ധതി ഏതെന്ന് മോദി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
പ്രളയസഹായം പോലും നൽക്കാത്ത പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാരിനും തമിഴ്നാട് സർക്കാരിനെ കുറ്റം പറയാൻ എന്ത് അവകാശമെന്നും മുഖ്യമന്ത്രി ചോദിച്ചു. മോദി പരാജയ ഭീതിയിലാണെന്നും അതുകൊണ്ടാണ് തമിഴ്നാട്ടിലേക്ക് ഇടയ്ക്കിടെ വരുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.
അതേസമയം പത്രപരസ്യത്തിൽ ചൈനീസ് റോക്കറ്റ് പ്രദർശിപ്പിച്ച സംഭവത്തിൽ സ്റ്റാലിനെയും ഡിഎംകെ സർക്കാരിനെയും വിമർശിച്ച് പ്രധാനമന്തി നരേന്ദ്ര മോദി ഇന്നലെ രംഗത്തെത്തിയിരുന്നു. ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ പുരോഗതി അംഗീകരിക്കാൻ ഡി എം കെ തയ്യാറല്ലെന്നും രാജ്യത്തിന്റെ വിജയകരമായ ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രഞ്ജരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ അപമാനിച്ചുവെന്നുമാണ് പ്രധാനമന്ത്രി വിമർശിച്ചത്. പത്രപ്പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിലാണ് ചൈനീസ് പതാകയുള്ള റോക്കറ്റ് ചിത്രീകരിച്ചിരിക്കുന്നത്. മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക മാത്രമാണ് ഡി എം കെ സർക്കാരിന്റെ പണിയെന്നു മോദി പരിഹസിച്ചിരുന്നു. സ്ഥലം എംഎൽഎയും തമിഴ്നാട് മന്ത്രിയുമായ അനിത ആർ. രാധാകൃഷ്ണനാണു പ്രാദേശിക പത്രങ്ങളിൽ പരസ്യം നൽകിയത്. തമിഴ്നാട്ടിൽ ഐഎസ്ആർഒ പുതിയതായി സ്ഥാപിക്കുന്ന വിക്ഷേപണ കേന്ദ്രത്തിന്റെ അവകാശവാദം ഉന്നയിക്കുന്നതിനു ചൈനയുടെ സ്റ്റിക്കർ ഉപയോഗിക്കാൻ പോലും ഡി എം കെ മടിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.
Tamilnadu CM Stalin against PM Modi