
വാഷിങ്ടൺ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് വിവേക് രാമസ്വാമി. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ രാജ്യത്തെ കൂടുതൽ തെറ്റുകളിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന് വിവേക് രാമസ്വാമി ആരോപിച്ചു.
”ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വലിയ രീതിയിലുള്ള അക്രമങ്ങൾ നടക്കുന്നു. ഇത് തെറ്റാണ്. സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു സർക്കാരിനെ തന്നെ താഴെയിറക്കുന്ന രീതിയിലേക്ക് മാറി. പക്ഷേ ബംഗ്ലാദേശിലേക്ക് നോക്കാതിരിക്കുക എന്നത് ഒരിക്കലും സാധ്യമായ കാര്യമല്ല. സംവരണ പ്രക്ഷോഭത്തിൽ തുടങ്ങി ഹിന്ദുക്കൾക്കെതിരായ നീക്കമായി പ്രക്ഷോഭം മാറി. ഇത് വളരെ അധികം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്,” വിവേക് രാമസ്വാമി പറഞ്ഞു.
അതേസമയം ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ധാക്കയിലെ ഒരു ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രദേശത്തെ ഹിന്ദു സമൂഹവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എല്ലാവരും ക്ഷമ പാലിക്കണമെന്നും, ന്യൂനപക്ഷങ്ങളെ ആക്രമിച്ചവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കളെ ആക്രമിക്കുന്നവർ നീചന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. അവരും ഈ രാജ്യത്തെ ജനങ്ങളല്ലേ. വിദ്യാർഥികളെ നിങ്ങൾക്ക് ഈ രാജ്യത്തെ രക്ഷിക്കാനാകും. അവർ നമ്മുടെ സഹോദരങ്ങളാണ്. അവരുടെ കുടുംബത്തെ നിങ്ങൾക്ക് രക്ഷിക്കാനാകില്ലേ. നമ്മളൊരുമിച്ച് പോരാടുകയും ഒരുമിച്ച് നിൽക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.